നവകേരള നിർമ്മിതിയുടെ ഭാഗമായി പരമ്പരാഗത വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിനും വളർത്തുന്നതിനും സർക്കാർ മുൻഗണന നൽകിയതായി രജിസ്ട്രേഷൻ – മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പരമ്പരാഗത തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി നിരവധി പദ്ധതികളാണ് ഇതിനകം നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു. കേരള കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് വളപ്പിൽ ആരംഭിച്ച കളിമൺ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനമേളയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് വികസനത്തിന്റെ പുതിയ മാതൃകകളാണ് സർക്കാർ ഒരുക്കുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്കൊപ്പം തന്നെ പരമ്പരാഗത മേഖലയ്ക്കും സർക്കാർ അർഹമായ പരിഗണന നൽകുന്നുണ്ട്.
മാർച്ച് 3ന് നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്കായി എത്തുന്ന ഭക്തജനങ്ങൾക്ക് മിതമായ നിരക്കിൽ പൊങ്കാല കലങ്ങൾ ഉൾപ്പെടെയുള്ള കളിമൺ പാത്രങ്ങൾ ലഭ്യമാക്കുകയാണ് പ്രദർശ വിപണന മേളയുടെ ലക്ഷ്യം. വൈവിധ്യവൽക്കരണത്തിലൂടെ മേഖലയിൽ നടപ്പിലാക്കിയ പദ്ധതികളുടെ നേർസാക്ഷ്യം കൂടിയാണ് ഈ മേളയെന്നും മന്ത്രി പറഞ്ഞു.
പിന്നാക്ക വിഭാഗ വികസന ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ സിദ്ധാർദ്ധൻ ജി, മന്ത്രിയിൽ നിന്നും ആദ്യ വിൽപന സ്വീകരിച്ചു. ഫെബ്രുവരി 28 വൈകിട്ട് 6 വരെയാണ് മേള.
