കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ദേവാനഷ് ശൗര്യയുടെ മരണത്തിൽ ജില്ലാതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. കേസിൽ ചികിത്സാ പിഴവ് സംഭവിച്ചതായി അഞ്ചംഗ വിദഗ്ധ സമിതിയിലെ മൂന്ന് അംഗങ്ങൾ ശരിവെച്ചു. എന്നാൽ രണ്ട് ഡോക്ടർമാർ ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിന് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് ചികിത്സാ പിഴവ് ശരിവെച്ച ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് വിയോജിപ്പ് അറിയിച്ച മറ്റ് രണ്ട് ഡോക്ടർമാരുടെ വാദം.
ജില്ലാതല സമിതിയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ കേസ് സംസ്ഥാനതല വിദഗ്ധ സമിതിക്ക് കൈമാറും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും വിദഗ്ധ ഡോക്ടർമാരും ഉൾപ്പെടുന്ന ആറംഗ ഉന്നതതല പാനലാണ് വിഷയം ഇനി പരിശോധിക്കുക. ഈ സമിതിയുടെ കൂടി റിപ്പോർട്ട് ലഭ്യമായ ശേഷമേ പയ്യന്നൂർ പോലീസ് കേസിൽ തുടർനടപടികളിലേക്ക് കടക്കൂ. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് കുഞ്ഞിന് അനസ്തീഷ്യ നൽകിയ ഡോക്ടറെയാണ് കേസിൽ നിലവിൽ പ്രതി ചേർത്തിരിക്കുന്നത്. പ്രതിയായ ഡോ. അഞ്ജലി പൊതുവാളിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി ഈ മാസം 27-ന് പരിഗണിക്കും.
