Home » Blog » Kerala » പട്ടികജാതി പട്ടികവര്‍ഗ കോര്‍പറേഷനിലൂടെ വിതരണം ചെയ്തത് 2000 കോടി രൂപ : മന്ത്രി വീണാ ജോര്‍ജ് ജില്ല ആസ്ഥാനത്തെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു
CORPORATION (3)

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ 2.2 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് 2000 കോടി രൂപയോളം ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോര്‍പ്പറേഷന്റെ പുതിയ ബ്രാഞ്ച് ഓഫീസ് പത്തനംതിട്ട ജില്ല ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ഓഫീസ് വരുന്നതോടെ മലയോരമേഖലയില്‍ നിന്നുള്‍പ്പടെ ജില്ലയുടെ എല്ലാ ഭാഗത്തുനിന്നുള്ളവര്‍ക്ക് എത്തിചേരാന്‍ സൗകര്യമാകും. ഗുണഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാനാകും. ജില്ലയിലെ ഉന്നതികളില്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ സര്‍ക്കാരിനായെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട നഗരസഭ ടൗണ്‍ഹാളിന് സമീപമുള്ള മഞ്ചയില്‍ ബില്‍ഡിംഗിലാണ് കോര്‍പറേഷന്റെ പുതിയ ബ്രാഞ്ച് ഓഫീസ്. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ കെ ഷാജു അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ സി കെ അര്‍ജുനന്‍, കോര്‍പറേഷന്‍ ഇ ആന്‍ഡ് ആര്‍ മാനേജര്‍ റ്റി വി ഷാജി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം അജികുമാര്‍, കോര്‍പറേഷന്‍ ജില്ലാ മാനേജര്‍ വി അനില്‍കുമാര്‍, കുടുംബശ്രീ എഡിഎംസി കെ ബിന്ദുരേഖ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.