Home » Blog » Kerala » നിയമസഭ തിരഞ്ഞെടുപ്പ്: ഡോര്‍ ടു ഡോര്‍ ഗൃഹസന്ദര്‍ശനവുമായി ഇലക്ടറല്‍ ലിറ്ററസി ക്ലബുകള്‍   
15_10

ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പങ്കാളിത്തം കുറവുള്ള പോളിങ് ബൂത്തുകളിലെ വോട്ടര്‍മാരെ നേരില്‍ കാണാന്‍ ‘വോട്ട് നോക്ക്’ ഡോര്‍ ടു ഡോര്‍ ഗൃഹസന്ദര്‍ശന പരിപാടിയുമായി ഇലക്ടറല്‍ ലിറ്ററസി ക്ലബുകള്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വീപ് പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഗൃഹസന്ദര്‍ശനം നടത്തുക.

 

അസംബ്ലി മണ്ഡലങ്ങളിലെ വോട്ടര്‍ പങ്കാളിത്തം കുറവുള്ള ബൂത്തുകള്‍ തിരഞ്ഞെടുത്ത് അവ കേന്ദ്രീകരിച്ചാണ് ഇ.എല്‍.സി, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വീടുകളിലെത്തുക. ഇതിനൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാക്കിയ വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ്പുകള്‍ പരിചയപ്പെടുത്തുകയും ഹാന്‍ഡ് ബുക്കുകള്‍ വോട്ടര്‍മാര്‍ക്ക് കൈമാറുകയും ചെയ്യും.

 

സ്വീപ്പ് പ്രചാരണ ക്യാമ്പയിനുകളില്‍ ഉപയോഗിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ തയാറാക്കിയ ഇലക്ഷന്‍ ക്വസ്റ്റ് ബോര്‍ഡ് ഗെയിം ഇലക്ടറല്‍ ലിറ്ററസി ക്ലബുകള്‍ക്ക് കൈമാറിയിട്ടുണ്ട്. കന്നി വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന് #MyFirstVote ഇന്‍സ്റ്റഗ്രാം കേന്ദ്രീകരിച്ചുള്ള ആഡ് യുവര്‍ ക്യാമ്പയിനും ഇതോടനുബന്ധിച്ച് നടത്തും.

 

ക്യാമ്പയിന് മുന്നോടിയായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ‘യങ് വോട്ടേഴ്‌സ് സമ്മിറ്റ്’ അസി. കലക്ടറും ജില്ലാ സ്വീപ് നോഡല്‍ ഓഫീസറുമായ ഡോ. എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. സ്വീപ് അസി. നോഡല്‍ ഓഫീസര്‍ ഡോ. എ നിജീഷ്, ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ അഞ്ജു മോഹന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫ്‌ളാറ്റ്, റസിഡന്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവയുടെ നോട്ടീസ് ബോര്‍ഡുകളില്‍ പതിപ്പിക്കാന്‍ ജില്ലാ ഭരണകൂടം തയാറാക്കിയ വോട്ടര്‍ ബുള്ളറ്റിന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.