നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനായി കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സിറ്റിങ് എംഎൽഎമാരുടെ സ്ഥാനാർത്ഥിത്വമാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം. എന്നാൽ പാർട്ടി പുറത്താക്കിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഇത്തവണ പരിഗണിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി. മത്സരിക്കാനില്ലെന്ന നിലപാടിൽ കെ. ബാബു ഉറച്ചുനിൽക്കുന്നതും രണ്ട് സീറ്റുകളിലെ അനിശ്ചിതത്വവും ചർച്ചകൾക്ക് ചൂടേകുന്നുണ്ട്.
ഇന്ന് മുതൽ വ്യാഴാഴ്ച വരെ ജില്ലകളിലെ കോർ കമ്മിറ്റി അംഗങ്ങളുമായി നേതൃത്വം കൂടിക്കാഴ്ച നടത്തും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാദേശികമായ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത ശേഷം അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിടാനാണ് സാധ്യത. നിലവിലെ എംഎൽഎമാരിൽ ആരൊക്കെ വീണ്ടും കളത്തിലിറങ്ങണമെന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തമായ ധാരണയുണ്ടാകും
