Home » Blog » Uncategorized » നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുമോ, തീരുമാനമെടുക്കുക എഐസിസിയെന്ന് സണ്ണി ജോസഫ്
Sunny-Joseph-1-680x450

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഭാഗമായി ഓരോ ജില്ലയിലെയും നേതാക്കളോട് സാധ്യതാ പട്ടിക സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിരുവനന്തപുരത്ത് അദ്ദേഹം പറഞ്ഞു.

നിയമസഭയിലേക്ക് മത്സരിക്കാൻ പല എംപിമാരും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തിൽ എംപിമാരെ മാറ്റുന്നത് ഗുണകരമാകില്ലെന്ന പൊതുവികാരം തെരഞ്ഞെടുപ്പ് സമിതിയിൽ ഉയർന്നിട്ടുണ്ട്. ലോക്സഭയിലെ അംഗബലവും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ വെല്ലുവിളിയും കണക്കിലെടുക്കുമ്പോൾ ഹൈക്കമാൻഡ് ഇക്കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് നിർണ്ണായകം. കൂടാതെ, തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ ഉടൻ തന്നെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടെന്ന നിർദ്ദേശവും സമിതിയിൽ ചർച്ചയായിട്ടുണ്ട്.

ജില്ലാ നേതാക്കളുമായി നേതൃത്വം നടത്തുന്ന കൂടിക്കാഴ്ചകളിൽ സ്ഥാനാർത്ഥികളുടെ പേരുകൾ നിർദ്ദേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുപുറമെ, സംഘടനാപരമായ പോരായ്മകൾ പരിഹരിക്കാനും പ്രവർത്തനങ്ങളിൽ പിന്നിൽ നിൽക്കുന്ന മണ്ഡലം-ബ്ലോക്ക് പ്രസിഡന്റുമാരെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാനും നിർദ്ദേശമുണ്ട്. പുതിയ വോട്ടർമാരെ ചേർക്കുന്നതിനും എസ്ഐആർ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകാൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.