നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരളത്തിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപി നിർണ്ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരപ്പന്റെ മണ്ണിൽ തന്റെ ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മാറ്റത്തിനായുള്ള ആഗ്രഹം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് വേളയിൽ ശോഭ സുരേന്ദ്രനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങളെ സുരേഷ് ഗോപി തള്ളിക്കളഞ്ഞു. ഇതെല്ലാം രാഷ്ട്രീയ ശത്രുക്കൾ മെനഞ്ഞെടുത്ത വെറും ‘പൊറാട്ട് നാടകങ്ങൾ’ മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്നും ബിജെപിയുടെ വിജയസാധ്യതയെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്കൊന്നും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
