നിപ രോഗബാധിതന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്ന് പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവ്. മൃഗസംരക്ഷണ വകുപ്പ് പിടിച്ച വവ്വാലുകളില്‍ നടത്തിയ പരിശോധനയാണ് നെഗറ്റീവായത്. പ്രദേശത്ത് നിന്ന് ശേഖരിച്ച വവ്വാലുകളുടെ കാഷ്ഠത്തിലും നിപ വൈറസിന്റെ സാന്നിധ്യമില്ല. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ ആണ് പരിശോധന നടത്തിയത്. രോഗിയുടെ ഗോഡൗണിന് സമീപമുള്ള വളര്‍ത്തുമൃഗങ്ങളുടെ സാമ്പിളും നെഗറ്റീവാണ്. ഇതോടെ നിപ രോഗ ഉറവിടം ഇപ്പോഴും അവ്യക്തമായി നില്‍ക്കുകയാണ്.
അതേസമയം നിപ കണ്ടെത്തിയതിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ നടത്തിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെത്തുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പഴുതടച്ച പ്രതിരോധമാണ് ആരോഗ്യവകുപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, രോഗം കണ്ടെത്തിയ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍, ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഫീല്‍ഡില്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.
