Home » Blog » kerala Max » നിതിൻ രാജിന്റെ മരണം; ഡോ. റാമിനെ പിടികൂടാൻ ക്രൈംബ്രാഞ്ചിന്റെ നീക്കം ശക്തം
nithin-raj-jpg

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ. റാമിനായുള്ള തിരച്ചിൽ ക്രൈംബ്രാഞ്ച് ശക്തമാക്കി. പ്രതി ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന കൃത്യമായ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ചിറ്റൂരിലെത്തിയിട്ടുണ്ട്. പ്രതിയെ വൈകാതെ തന്നെ കസ്റ്റഡിയിലെടുക്കാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കേസിൽ മൂന്ന് മാസമായി അധ്യാപകൻ ഒളിവിലാണെന്ന വിവരം സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് അതീവ ഗുരുതരമായ നിരീക്ഷണങ്ങളാണ് സുപ്രീംകോടതി നടത്തിയത്. നിതിൻ രാജ് ക്ലാസ് മുറിക്കുള്ളിൽ വെച്ച് ക്രൂരമായി അധിക്ഷേപിക്കപ്പെട്ടു എന്ന് കോടതി ചൂണ്ടിക്കാട്ടി. സഹപാഠികൾക്ക് മുന്നിൽ വെച്ച് ഇത്തരത്തിൽ അധിക്ഷേപിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന കടുത്ത മാനസികാവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഇത്തരമൊരു മോശം പെരുമാറ്റത്തിൽ നിന്ന് അധ്യാപകന് ഒഴിഞ്ഞുമാറാൻ കഴിയില്ല.

“മനുഷ്യത്വരഹിതം എന്ന വാക്ക് മാത്രമാണ് ഈ പ്രവർത്തി കാണുമ്പോൾ മനസ്സിൽ വരുന്നത്,” എന്ന് പറഞ്ഞ കോടതി, ഇത്തരം പ്രവർത്തികൾ ചെയ്യുന്ന അധ്യാപകർ അതിന്റെ പ്രത്യാഘാതം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു. എന്നാൽ, പ്രതിയായ അധ്യാപകൻ വിദ്യാർത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. പറഞ്ഞ കാര്യങ്ങളിൽ നിന്ന് അധ്യാപകൻ പാഠം പഠിച്ചതായും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.