ബോളിവുഡിൽ താരപുത്രൻ എന്ന വിശേഷണവുമായി എത്തിയതുകൊണ്ട് തന്നെ അഭിഷേക് ബച്ചന് കടുത്ത വിമർശനങ്ങളും താരതമ്യങ്ങളും തുടക്കം മുതൽ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഓരോ വിമർശനങ്ങളെയും തന്റെ പ്രകടനങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും നേരിടുന്നതാണ് അഭിഷേകിൻ്റെ ശൈലി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ലഭിച്ച മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരത്തെ ചൊല്ലി ഒരു വിമർശകൻ രംഗത്തെത്തിയപ്പോൾ, ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. അവാർഡുകൾ വിലകൊടുത്ത് വാങ്ങുന്നതാണെന്നും പിആർ വഴിയാണ് ഇന്നും സിനിമയിൽ നിലനിൽക്കുന്നതെന്നുമുള്ള വിമർശത്തിന് ചുട്ട മറുപടി നൽകി ബച്ചൻ ആരാധകരുടെ കൈയ്യടി നേടുകയാണ്.
അവാർഡ് വിവാദവും കടുത്ത വിമർശനങ്ങളും
സമീപകാലത്ത് അഭിഷേക് ബച്ചന് ‘ഐ വാണ്ട് ടു ടോക്ക്’എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് ഫിലിംഫെയർ പുരസ്കാരം ലഭിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് നവനീത് മുൻദ്ര എന്നയാൾ കടുത്ത ഭാഷയിൽ അഭിഷേകിനെതിരെ വിമർശനം ഉന്നയിച്ചു. “കരിയറിൽ ഒറ്റ സോളോ ബ്ലോക്ക്ബസ്റ്ററുകളില്ലെങ്കിലും അവാർഡുകൾ എങ്ങനെ വിലകൊടുത്ത് വാങ്ങാം എന്നതിൻ്റെയും പിആർ ഉപയോഗിച്ച് എങ്ങനെ പ്രസക്തരായി നിലനിൽക്കാമെന്നതിൻ്റെയും ഉത്തമ ഉദാഹരണമാണ് അഭിഷേക് ബച്ചൻ,” എന്നായിരുന്നു നവനീത് മുൻദ്രയുടെ പ്രധാന ആരോപണം.
കൂടാതെ, “കുറച്ച് പെയ്ഡ് നിരൂപകർ ഒഴികെ മറ്റാരും ആ സിനിമ കണ്ടിട്ടില്ല. 2025 അദ്ദേഹത്തിൻ്റെ വർഷമാണെന്ന് പറയുന്ന ട്വീറ്റുകൾ കാണുമ്പോൾ എനിക്ക് ചിരി വരുന്നു. കൂടുതൽ അംഗീകാരം, ജോലി, അഭിനന്ദനം, അവാർഡുകൾ എന്നിവ അർഹിക്കുന്ന അദ്ദേഹത്തെക്കാൾ മികച്ച നടന്മാരുണ്ട്. പക്ഷേ കഷ്ടം! അവർക്ക് PR ബുദ്ധിയും പണവുമില്ല,” എന്നും വിമർശകൻ കൂട്ടിച്ചേർത്തു. അഭിഷേക് ബച്ചനെതിരായ കടുത്ത ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
ഈ കടുത്ത വിമർശനങ്ങളോട് ഒട്ടും കൂസലില്ലാതെ ശക്തമായ മറുപടിയുമായി അഭിഷേക് ബച്ചൻ രംഗത്തെത്തി. “ഞാൻ ഇതുവരെ ഒരു അവാർഡുകളും വില കൊടുത്ത് വാങ്ങിയിട്ടില്ല. കഠിനാധ്വാനം കൊണ്ടാണ് അതെല്ലാം നേടിയത്. നിങ്ങളുടെ വായടയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം കൂടുതൽ കഠിനാധ്വാനം ചെയ്യുക എന്നതാണ്. അതുവഴി ഭാവിയിൽ എനിക്ക് ലഭിക്കാൻ പോകുന്ന പുരസ്കാരങ്ങളെ നിങ്ങൾ സംശയിക്കില്ല. നിങ്ങൾ തെറ്റാണെന്ന് ഞാൻ തെളിയിക്കും,” എന്നായിരുന്നു അഭിഷേകിൻ്റെ മറുപടി. താരത്തിൻ്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഷൂജിത് സിർകാർ സംവിധാനം ചെയ്ത ‘ഐ വാണ്ട് ടു ടോക്ക്’ എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും തിയേറ്ററിൽ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നിരുന്നാലും, അഭിഷേക് ഈ ചിത്രത്തിൽ കാഴ്ചവെച്ച അഭിനയമികവ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
സിനിമ ലോകത്തെ അവാർഡ് രാഷ്ട്രീയത്തെക്കുറിച്ചും പിആർ പ്രചാരണങ്ങളെക്കുറിച്ചുമുള്ള വിമർശനങ്ങൾ സജീവമായിരിക്കെയാണ് അഭിഷേക് ബച്ചൻ്റെ ഈ നിലപാട്. താരപുത്രൻ എന്ന ലേബലിൽ നിന്ന് പുറത്തുവന്ന് സ്വന്തമായൊരു ഇടം കണ്ടെത്താൻ അഭിഷേക് നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന ചോദ്യവും ഈ ചർച്ചകൾ ഉയർത്തുന്നു. കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ ന്യായീകരിക്കപ്പെടണമെന്ന അഭിഷേകിൻ്റെ വാദം, അദ്ദേഹത്തിൻ്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നതാണ്. വരും കാലങ്ങളിൽ തൻ്റെ പ്രകടനങ്ങളിലൂടെ ഈ വിമർശനങ്ങൾക്ക് മറുപടി നൽകുമെന്ന അഭിഷേകിൻ്റെ പ്രഖ്യാപനം, അദ്ദേഹത്തിൻ്റെ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നു.
