വാഷിങ്ടണ്‍ ഡിസി: എപ്സ്റ്റീന് ഫയലുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് ക്ഷുഭിതനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സിഎന്‍എന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ കെയ്റ്റ്ലന് കോളിന്‍സാണ് എപ്സ്റ്റീന് അതിജീവിതരെ കുറിച്ച് ട്രംപിനോട് ചോദിച്ചത്. എന്നാൽ, ചോദ്യത്തിന് മറുപടി പറയാതെ മാധ്യമപ്രവര്‍ത്തകയെ അവഹേളിക്കുകയാണ് ട്രംപ് ചെയ്തത്. നിങ്ങള്‍ ഏറ്റവും മോശം റിപ്പോര്‍ട്ടറാണെന്നും നിങ്ങളുടെ ചിരിക്കുന്ന മുഖം ഒരിക്കലും കണ്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഓവല്‍ ഓഫീസിലെ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.
“നിങ്ങള്‍ അങ്ങേയറ്റം മോശമാണ്. ഏറ്റവും മോശം റിപ്പോര്‍ട്ടറാണ്. നിങ്ങളെ പോലുള്ള റിപ്പോര്‍ട്ടര്‍ കാരണമാണ് സിഎന്‍എന്നിന് ഏറ്റവും മോശം റേറ്റിങ്. നിങ്ങള്‍ ഒരു യുവതിയല്ലേ, എന്നിട്ട് ഒരിക്കല്‍ പോലും ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. എനിക്ക് 10 വര്‍ഷമായി നിങ്ങളെ അറിയാം. ഒരിക്കല്‍ പോലും നിങ്ങളുടെ മുഖത്ത് ഒരു ചിരി കണ്ടിട്ടില്ല. നിങ്ങള്‍ പറയുന്നത് സത്യമല്ലെന്ന് നിങ്ങള്‍ക്ക് തന്നെ അറിയാം. അതാണ് ചിരി വരാത്തത്.” -ട്രംപ് പറഞ്ഞു.
‘ഏറ്റവും ഒടുവില്‍ പുറത്തുവിട്ട എപ്സ്റ്റീന് രേഖകള്‍ ട്രംപ് പരിശോധിച്ചോ?’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം. ‘ഇല്ല, എനിക്ക് വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എപ്സ്റ്റീന് ഫയലുകളെ കുറിച്ചല്ലാതെ മറ്റെന്തെങ്കിലും കാര്യങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്യണമെന്ന് ട്രംപ് പറഞ്ഞു. ‘എന്നെ കുറിച്ച് ഒന്നും പുറത്തുവന്നിട്ടില്ലല്ലോ. എപ്സ്റ്റീനും മറ്റു ചിലരും ചേര്‍ന്ന് എനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണത്’ -ട്രംപ് പറഞ്ഞു.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി പ്രമുഖര്‍ക്കുള്ള ബന്ധം വെളിവാക്കുന്ന കൂടുതല്‍ അന്വേഷണ രേഖകൾ വെള്ളിയാഴ്ച അമേരിക്കന്‍ നീതിന്യായ വകുപ്പ് പുറത്തുവിട്ടിരുന്നു. 30 ലക്ഷം പേജുകള്‍, 1.80 ലക്ഷം ചിത്രങ്ങള്‍, 2,000 വീഡിയോകള്‍ എന്നിവയാണ് പരസ്യപ്പെടുത്തിയത്. ആദ്യം പുറത്തുവന്ന ചിത്രങ്ങളില്‍ ഡോണള്‍ഡ് ട്രംപുമുണ്ടായിരുന്നു.
