zcxv-4-680x450.jpg

സ്വന്തം നാട്ടിൽ ആദ്യ വനിതാ ഏകദിന ലോകകപ്പ് കിരീടം തേടിയിറങ്ങിയ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം തുടർച്ചയായ മൂന്ന് തോൽവികളോടെ സെമി കാണാതെ പുറത്താകലിന്റെ വക്കിലാണ്. ദക്ഷിണാഫ്രിക്കയോടും ഓസ്‌ട്രേലിയയോടും തോറ്റ ഇന്ത്യ, പിന്നീട് ഇംഗ്ലണ്ടിനെതിരെ അനായാസം ജയിക്കാമായിരുന്ന മത്സരം അവസാന ഓവറുകളിൽ കൈവിട്ടത് വലിയ തിരിച്ചടിയായി. ഇന്ത്യയെ തോൽപ്പിച്ചതോടെ, അഞ്ച് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഇംഗ്ലണ്ട് സെമി ഫൈനൽ ഉറപ്പിച്ചു. ദക്ഷിണാഫ്രിക്ക (6 മത്സരങ്ങളിൽ 10 പോയിന്റ്), ഓസ്‌ട്രേലിയ (5 മത്സരങ്ങളിൽ 9 പോയിന്റ്) എന്നിവർ നേരത്തെ തന്നെ സെമിയിലെത്തിയിരുന്നു. ഇതോടെ, അവസാന നാലിൽ ഇനി ഒരു സ്ഥാനം മാത്രമാണ് അവശേഷിക്കുന്നത്.

ഇന്ത്യക്കും ന്യൂസിലൻഡിനും ജീവൻമരണ പോരാട്ടം

സെമിയിലെ അവശേഷിക്കുന്ന ഏക സ്ഥാനത്തിനായി ഇന്ത്യയും ന്യൂസിലൻഡുമാണ് പ്രധാനമായും മത്സരിക്കുന്നത്. അഞ്ച് മത്സരങ്ങൾ വീതം പൂർത്തിയാക്കിയ ഇരു ടീമുകൾക്കും നിലവിൽ നാല് പോയിന്റ് വീതമാണുള്ളത്. രണ്ട് ടീമുകൾക്കും ഇനി അവശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ വീതമാണ്. ഇതിൽ നാളെ നവി മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം ജയിക്കുന്നവർക്ക് സെമിയിലേക്കുള്ള വഴി എളുപ്പമാകും. ഇന്ത്യയുടെ അവസാന മത്സരം 26ന് ബംഗ്ലാദേശിനെതിരെയാണ്. അതേസമയം, ന്യൂസിലൻഡിന്റെ അവസാന എതിരാളികൾ കരുത്തരായ ഇംഗ്ലണ്ട് ആണെന്നത് ഇന്ത്യക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.

ഇന്ത്യയുടെ സെമി സാധ്യതകൾ

നിലവിൽ നെറ്റ് റൺറേറ്റിൽ ന്യൂസിലൻഡിനെക്കാൾ മുൻതൂക്കം ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ നെറ്റ് റൺറേറ്റ് +0.526 ആണെങ്കിൽ ന്യൂസിലൻഡിന്റേത് -0.245 ആണ്.

ന്യൂസിലൻഡിനെതിരെ ജയിച്ചാൽ: നാളത്തെ മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തുകയും അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് സെമി സാധ്യത വർദ്ധിക്കും.

ന്യൂസിലൻഡിനോട് തോറ്റാലും: നാളത്തെ മത്സരത്തിൽ പരാജയപ്പെട്ടാലും, അവസാന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ന്യൂസിലൻഡ് അവരുടെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങുകയും ചെയ്താൽ ഇന്ത്യക്ക് സെമി സാധ്യത അവശേഷിക്കുന്നുണ്ട്. മെച്ചപ്പെട്ട നെറ്റ് റൺറേറ്റായിരിക്കും ഇവിടെ ഇന്ത്യക്ക് തുണയാവുക.

ശ്രീലങ്കയ്ക്കും നേരിയ സെമി സാധ്യത അവശേഷിക്കുന്നുണ്ടെങ്കിലും, നിലവിൽ നാല് പോയിന്റുള്ള അവർക്ക് അവസാന മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിക്കണം. കൂടാതെ, ഇന്ത്യയും ന്യൂസിലൻഡും ഓരോ മത്സരങ്ങളിൽ തോൽക്കുകയും, ഇരു ടീമിനെയും മറികടക്കാൻ ആവശ്യമായ നെറ്റ് റൺറേറ്റ് ലങ്കയ്ക്ക് ഉണ്ടായിരിക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *