നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തിൻ്റെ പേരിൽ റഷ്യയിലുള്ള തനിക്കെതിരെ പൊലീസ് കേസെടുത്തുവെന്ന ആരോപണവുമായി യുവാവിൻ്റെ വീഡിയോ പ്രചരിക്കുന്നു. ബിഹാറിലെ കിഷൻഗഞ്ച് സ്വദേശിയായ മുഹമ്മദ് സദഖത്ത് ആണ് വീഡിയോയിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ചിത്രീകരിച്ചത് റഷ്യയിൽ നിന്നാണെന്നാണ് അവകാശവാദം. കഴിഞ്ഞ നാലുമാസമായി റഷ്യയിലുള്ള തനിക്കെതിരെ പൊലീസ് പ്രതിഷേധത്തിൽ പങ്കെടുത്തതിന് കേസെടുത്തു എന്നാണ് ആരോപണം.
അതേസമയം വീഡിയോയുടെ ആധികാരികത പരിശോധിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.പൊലീസ് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് ചോദ്യം ചെയ്താണ് യുവാവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജൂലൈ 25ന് ബഹദൂർഗഞ്ചിൽ നടന്ന പ്രതിഷേധത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും നാലുമാസമായി റഷ്യയിലാണ് താമസിക്കുന്നതെന്നും യുവാവ് വീഡിയോയിൽ പറയുന്നു. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്ന് ആവശ്യപ്പെട്ട യുവാവ് തൻ്റെ പേര് എഫ്ഐആറിൽനിന്ന് ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ചു.
