Home » Blog » Kerala » നഷ്ടങ്ങളുടെ കണക്കുനിരത്തി കെഎസ്ഇബി; വൈദ്യുതി ബില്ലിൽ യൂണിറ്റിന് ഒരു രൂപയിലധികം വർധനയ്ക്ക് സാധ്യത
28f3a8a70141d9d4b461ea9fa2b63bb2e7a82d9a46b95e35f702ee4137047fcf.0

വരുമാനത്തിൽ ലാഭം രേഖപ്പെടുത്തിയിട്ടും, പഴയ നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങി കെഎസ്ഇബി. മുൻകാലങ്ങളിൽ തിരിച്ചുപിടിക്കാൻ കഴിയാത്ത 1053.79 കോടി രൂപ റഗുലേറ്ററി ആസ്തിയായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി റഗുലേറ്ററി കമ്മിഷന് അപേക്ഷ സമർപ്പിച്ചു. കമ്മിഷൻ ഈ അപേക്ഷ അംഗീകരിച്ചാൽ 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്കിൽ വലിയ വർദ്ധനവുണ്ടാകും.

കെഎസ്ഇബിയുടെ കണക്കുകൾ പ്രകാരം 571.22 കോടി രൂപയുടെ വരുമാന ലാഭമാണ് ഉള്ളത്. എന്നാൽ, മുൻകാലങ്ങളിൽ വൈദ്യുതി നിരക്കിലൂടെ തിരിച്ചുപിടിക്കാൻ കഴിയാത്ത നഷ്ടം 1676.02 കോടി രൂപയാണെന്ന് ബോർഡ് വാദിക്കുന്നു. ഈ നഷ്ടത്തിൽ നിന്ന് ലാഭം കുറയ്ക്കുമ്പോഴാണ് 1053.79 കോടി രൂപയുടെ അറ്റനഷ്ടം ഉണ്ടാകുന്നത്. ഈ തുക ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ അനുമതി നൽകണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

നിലവിൽ 2024 മാർച്ച് വരെയുള്ള കണക്കനുസരിച്ച് കെഎസ്ഇബിയുടെ ആകെ റഗുലേറ്ററി ആസ്തി 6645.30 കോടി രൂപയാണ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഈ തുക 2031 മാർച്ചിനുള്ളിൽ തിരിച്ചുപിടിക്കണം. ഇതിനോടൊപ്പം പുതിയ നഷ്ടം കൂടി ചേരുമ്പോൾ ആകെ തുക 7699.09 കോടി രൂപയാകും. 2027 ഏപ്രിൽ മുതൽ നിരക്ക് പരിഷ്കരിക്കുമ്പോൾ, ഈ ഭീമമായ നഷ്ടം നികത്താനായി യൂണിറ്റിന് ഒരു രൂപയിലധികം വർദ്ധിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.

കേന്ദ്ര നിർദ്ദേശത്തിന്റെ ഭാഗമായി അധിക കടമെടുപ്പിനായി കെഎസ്ഇബിയുടെ മുൻപത്തെ നഷ്ടത്തിന്റെ 90% (494.29 കോടി രൂപ) സർക്കാർ ഏറ്റെടുത്തിരുന്നു. ഈ സഹായം ലഭിച്ചതുകൊണ്ടാണ് ഇത്തവണ 571 കോടി രൂപ ലാഭത്തിൽ എത്താൻ കെഎസ്ഇബിക്ക് സാധിച്ചത്. ഇതിനുപുറമെ, വിവിധ സ്ഥാപനങ്ങൾ നൽകാനുള്ള 718.02 കോടി രൂപയുടെ കുടിശികയും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. കെഎസ്ഇബി ലാഭത്തിലായിട്ടും പഴയ നഷ്ടം ഉപയോക്താക്കളുടെ തലയിൽ വെക്കുന്നതിനെക്കുറിച്ച് റഗുലേറ്ററി കമ്മിഷൻ വിശദമായ പരിശോധന നടത്തും. പ്രവർത്തന നഷ്ടം കുറയ്ക്കാനും അനാവശ്യ ചെലവുകൾ ഒഴിവാക്കാനുമാണ് കമ്മിഷൻ ബോർഡിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിൽ പരാജയപ്പെട്ടാൽ ഉണ്ടാകുന്ന നഷ്ടം പൂർണ്ണമായും സാധാരണക്കാരായ ഉപയോക്താക്കൾ വഹിക്കേണ്ടി വരും.