Home » Blog » kerala Max » നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവം: അമ്മയ്‌ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
babyss (1)

നവജാത ശിശുവിനെ പ്രസവിച്ച ഉടൻ തന്നെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിക്കെതിരെ വധശ്രമക്കേസെടുത്ത് പോലീസ്. ഹരിപ്പാട് സ്വദേശിനിയായ 19കാരിക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാനഹാനി ഭയന്നാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു.

കടുത്ത വയറുവേദനയെത്തുടർന്ന് കഴിഞ്ഞദിവസം രാത്രി 9 മണിയോടെയാണ് യുവതി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. പരിശോധനയിൽ യുവതി ഗർഭിണിയാണെന്ന് ഡോക്ടർമാർ സംശയിച്ചെങ്കിലും, അവർ അത് നിഷേധിച്ചു. തുടർന്ന് നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. പുലർച്ചെ ഒരു മണിയോടെ ആശുപത്രിയിലെ ശുചിമുറിക്കുള്ളിൽ വെച്ചാണ് യുവതി പ്രസവിച്ചത്. ശേഷം പൊക്കിൾകൊടി സ്വയം മുറിച്ചുമാറ്റിയ ശേഷം കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. ആശുപത്രി ജീവനക്കാരാണ് കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.

ഉടൻ തന്നെ കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിലേക്ക് മാറ്റി. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. യുവതിയും വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ വീയപുരം പോലീസ് അന്വേഷണം ആരംഭിച്ചു.