oneplus-15-680x436.jpg

ചൈനീസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ മോഡലായ വൺപ്ലസ് 15-ന്റെ ഇന്ത്യൻ അവതരണത്തിന് ഇനി മൂന്ന് ദിവസത്തെ കാത്തിരിപ്പ് മാത്രം. നവംബർ 13-നാണ് ഈ മോഡൽ ഔദ്യോഗികമായി ഇന്ത്യയിൽ എത്തുന്നത്. ലോഞ്ചിന് മുന്നോടിയായി, ഫോണിന്റെ പ്രധാന ഫീച്ചറുകൾ കമ്പനി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എങ്കിലും, ഉപയോക്താക്കളുടെയും ടെക് പ്രേമികളുടെയും പ്രധാന ആകാംഷ വൺപ്ലസ് 15-ന് ഇന്ത്യയിൽ എത്ര രൂപയാകും എന്നതിലാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വില സംബന്ധിച്ച അഭ്യൂഹങ്ങൾ ഓൺലൈനിൽ ശക്തമായി പ്രചരിക്കുന്നുണ്ട്.

വൺപ്ലസ് 15-ന്റെ ഇന്ത്യൻ വില സംബന്ധിച്ച വിവരങ്ങൾ ഒരു ടിപ്‌സ്റ്റർ എക്സിൽ പുറത്തുവിട്ടു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, അടിസ്ഥാന മോഡലായ 12GB റാം, 256GB സ്റ്റോറേജ് വേരിയന്റിന് 72,999 രൂപ വില വരുമെന്നാണ് സൂചന. മുന്തിയ പതിപ്പായ 16GB റാം, 512GB സ്റ്റോറേജ് വേരിയന്റിന് 76,999 രൂപ പ്രതീക്ഷിക്കാം. ഈ വിലയിൽ ഉദ്ഘാടന ഓഫറുകൾ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ, വൺപ്ലസ് 15 വാങ്ങുന്നവർക്ക് 2677 രൂപ വിലയുള്ള വൺപ്ലസ് നോർഡ് ഇയർബഡ്‌സ് സൗജന്യമായി ലഭിക്കുമെന്നും ടിപ്‌സ്റ്റർ അവകാശപ്പെടുന്നു. എന്നാൽ, ഇതിന്റെ മുൻഗാമിയായ വൺപ്ലസ് 13 ഇന്ത്യയിൽ പുറത്തിറങ്ങിയത് 69,999 രൂപയ്ക്കായിരുന്നു. ഫോണിന്റെ ഔദ്യോഗിക വില സംബന്ധിച്ച സ്ഥിരീകരണം ഇനിയും വരാനുണ്ട്.

ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റിലാണ് വൺപ്ലസ് 15 ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 16-ൽ ഒരുക്കിയിരിക്കുന്ന ഈ ഫോണിൽ, ഹാസൽബ്ലാഡുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് കമ്പനി സ്വന്തമായി വികസിപ്പിച്ച ഡീറ്റൈൽമാക്‌സ് എഞ്ചിന്റെ ക്യാമറ സാങ്കേതികവിദ്യ അവതരിപ്പിക്കും. 50 മെഗാപിക്സലിന്റെ ട്രിപ്പിൾ-ക്യാമറ സജ്ജീകരണമാണ് ഇതിലുണ്ടാവുക. 165Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഡിസ്‌പ്ലെ, 120W അതിവേഗ ചാർജിംഗ് പിന്തുണയ്ക്കുന്ന 7300mAh ബാറ്ററി, താപം നിയന്ത്രിക്കാനായി 5,731mm² വേപ്പർ ചേമ്പർ, കൂടാതെ IP66 മുതൽ IP69K വരെയുള്ള റേറ്റിംഗുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. മൂന്ന് നിറങ്ങളിൽ എത്തുന്ന വൺപ്ലസ് 15, നവംബർ 13-ന് ഇന്ത്യൻ സമയം രാത്രി 8 മണി മുതൽ വാങ്ങാനാകും.

Leave a Reply

Your email address will not be published. Required fields are marked *