ചെന്നൈയിൽ സിജെപിയെ (CJP) പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിക്കിടെ നാടകീയ രംഗങ്ങളും വലിയ വാക്കുതർക്കങ്ങളും. വേദിയിൽ സംസാരിച്ചുകൊണ്ടിരുന്ന നടി സനം ഷെട്ടിയുടെ പ്രസംഗം തടസ്സപ്പെടുത്തുകയും, മൈക്ക് പിടിച്ചെടുത്ത് താരത്തെ വേദിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്തത് വലിയ ചർച്ചയായിരിക്കുകയാണ്. താൻ വിജയുടെ ആരാധികയാണെന്നും ‘ജനനായകൻ’ സിനിമ കണ്ടിട്ടാണ് പ്രതിഷേധത്തിനെത്തിയതെന്നും സനം പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. കൂടാതെ നീറ്റ് വിഷയത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നവർ കോമാളികൾ ആണെന്നും നടി തുറന്നടിച്ചിരുന്നു. ഈ പരാമർശങ്ങളാണ് ഒരു വിഭാഗം പ്രതിഷേധക്കാരെ ചൊടിപ്പിച്ചതും വലിയ പ്രതിഷേധത്തിലേക്ക് നയിച്ചതും.
വിദ്യാർത്ഥി പ്രതിഷേധത്തിനിടയിലും ജനനായകൻ റിലീസ് ചെയ്തതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു, ഇതിനാണ് താരം വേദിയിൽ മറുപടി നൽകിയത്.
എന്നാൽ പ്രസംഗം തടസ്സപ്പെടുത്തിയവർ ഡിഎംകെ അടിമകളാണെന്ന് പിന്നീട് സനം ഷെട്ടി രൂക്ഷമായി ആരോപിച്ചു. സംസാരിക്കാൻ തുടങ്ങും മുൻപ് തന്നെ സ്വന്തം അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞത് ജനാധിപത്യമാണോ എന്ന് ചോദ്യമുന്നയിച്ച നടി, തന്നെ മനപ്പൂർവ്വം വിളിച്ച് വരുത്തി അപമാനിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി. പ്രസംഗം തടസപ്പെടുത്തിയതിന് പിന്നാലെ വേദിയിലും പുറത്തും വലിയതോതിലുള്ള വാഗ്വാദങ്ങളാണ് ഉണ്ടായത്.
തമിഴ്നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തിന്റെ ദൃശ്യങ്ങളും നടി ഉന്നയിച്ച ആരോപണങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രതിഷേധ വേദികളിലെ ഇത്തരം അപ്രതീക്ഷിത സംഭവങ്ങൾ രാഷ്ട്രീയ-സിനിമാ രംഗങ്ങളിൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.
