Home » Blog » Kerala » “ദൂരദർശനെ യജമാനന്റെ ശബ്ദം മാത്രം കേള്‍പ്പിക്കാനുള്ള യന്ത്രമായി മാറ്റുന്നത് അപലപനീയം”; പരിപാടി ബഹിഷ്കരിച്ച് സിപിഐ
13

തിരുവനന്തപുരം: കേന്ദ്ര വിമര്‍ശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനാല്‍ ദൂരദര്‍ശനിലെ പ്രചാരണ പരിപാടി സിപിഐ ബഹിഷ്‌കരിച്ചുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരത്തിലൊരു ആവശ്യം ദൂരദര്‍ശന്‍ അധികൃതര്‍ മുന്നോട്ടുവച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായും ബിനോയ് വിശ്വം പറഞ്ഞു. ദൂരദര്‍ശനെയും ആകാശവാണിയെയും ‘യജമാനന്റെ’ ശബ്ദം മാത്രം കേള്‍പ്പിക്കാനുള്ള യന്ത്രമായി മാറ്റുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദൂരദര്‍ശന്‍ സ്വതന്ത്ര സ്ഥാപനമാണെന്നും ബിജെപിയുടെ ചാനല്‍ അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്ക് അനുവദിച്ച പരിപാടിയില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി പരിപാടി റെക്കോര്‍ഡ് ചെയ്യാമെന്നാണ് പറഞ്ഞത്. അവസാനത്തെ രണ്ട് ഖണ്ഡികകള്‍ ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. അതോടെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയാണ് ഇത്തരം നടപടിയെന്നും ബിനോയ് വിശ്വം പറഞ്ഞു.