Home » Blog » Kerala » “തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ. അത് മതി, ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് ഇൻക്ലൂസീവ്”; ശ്രദ്ധേയമായി ജിന്റോ ജോണിന്റെ കുറിപ്പ്
2

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞയ്ക്കിടെ ‘വടശ്ശേരി ദാമോദരമേനോൻ സതീശൻ’ എന്ന് പേരു പറഞ്ഞതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകവേ, ഇതിനിടെ കോൺഗ്രസ് നേതാവ് ജിന്റോ ജോൺ നടത്തിയ പരാമർശവും ശ്രദ്ധ നേടുന്നു.

“തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ് ബോധ്യം” – എന്നായിരുന്നു ജിന്റോ സാമൂഹിക മാധ്യമത്തിൽ കുറിച്ചത്.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം, ഇതുവരെ ഉപയോഗിക്കാത്ത ജാതിവാൽ ഇപ്പോൾ ചേർത്തതെന്തിനെന്ന ചോദ്യവുമായി സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയായിരുന്നു ജിന്റോയുടെ പ്രതികരണം.

എന്നാൽ പിന്നീട്, തന്റെ കുറിപ്പ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടതല്ലെന്ന് ജിന്റോ വിശദീകരിച്ചു. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായങ്ങൾ കാണുമ്പോൾ കോൺഗ്രസിന്റെ പുരോഗമന നിലപാടിൽ നിന്ന് പിന്നോട്ടുപോകുന്നുവെന്ന തോന്നലാണ് കുറിപ്പിന് കാരണമായതെന്നും ജിന്റോ പറഞ്ഞു.

ജാതിവാലുകൾ ഉപയോഗിക്കുന്നത് തെറ്റാണോ ശരിയാണോ എന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പറയാൻ എളുപ്പമുള്ള ജാതിവാലുകൾ ഉപയോഗിക്കാൻ പ്രിവിലേജ് കിട്ടുന്നവരുണ്ട്. അത്തരമൊരു പ്രിവിലേജ് ഇല്ലാത്തവരാണ് സമൂഹത്തിൽ കൂടുതലെന്നും അദ്ദേഹം പറഞ്ഞു.

താൻ ബഹുമാനത്തോടെയും ആരാധനയോടെയും കാണുന്ന നേതാവാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. അദ്ദേഹത്തെ അങ്ങനെ തന്നെ വിളിക്കാനാണ് തനിക്കിഷ്ടമെന്നും ജിന്റോ കൂട്ടിച്ചേർത്തു. ഈ കുറിപ്പ് മുഖ്യമന്ത്രിക്കെതിരായ വിമർശനമല്ലെന്നും, വിമർശിക്കേണ്ട സാഹചര്യം വന്നാൽ തീർച്ചയായും വിമർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.