Home » Blog » Kerala » തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; 5 മരണം, നിരവധിപേർക്ക് പരിക്ക്
30

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് മരണം. തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. ഗുരുതരമായി പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ രക്ഷിക്കാൻ കഴിയില്ലെന്നാണ് വിവരം. എത്രപേർ കുടുങ്ങി കിടപ്പുണ്ടെന്നും കണ്ടെത്താനായിട്ടില്ല.

പൊലീസ് ഉദ്യോ​ഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. സമീപത്തെ മതിൽ തകർത്താണ് സംഘം സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.

തൃശൂർ പൂരത്തിന്റെ ഭാ​ഗമായുള്ള തിരുവമ്പാടി വെടിക്കെട്ട് ലെെസൻസി മുണ്ടത്തിക്കോട് സതീശന്റെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. ഇന്ന് വൈകുന്നേരത്തോടെയുണ്ടായ സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ വരെ കേട്ടതായാണ് പരിസര വാസികൾ പറയുന്നത്. പൂരത്തിനായുള്ള വെടിക്കെട്ട് ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. തുടർ സ്ഫോടനങ്ങൾ ഉണ്ടാകുന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നുണ്ട്.

പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാനും കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം.