തൃശൂര്: തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ പരിഗണിച്ച് കോൺഗ്രസ്. പ്രാദേശിക എതിർപ്പ് സന്ദീപിന് തലവേദനയാണ്. സമവായത്തിലെത്താൻ സാധിച്ചാൽ സന്ദീപ് വാര്യർ തന്നെ തൃക്കരിപ്പൂരിൽ മത്സരിക്കും.
അതേസമയം, കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാനെതിരെ ഡിസിസി വൈസ് പ്രസിഡന്റ് സജീവ് ജോസഫ് വിമതനായി മത്സരിക്കും. കുട്ടനാട് പേയ്മെന്റ് സീറ്റാണെന്ന് ആരോപണം ഉയർന്നിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സജീവ് ജോസഫ് പ്രതികരിച്ചത്. പണം നൽകിയാണ് സീറ്റ് നേടിയതെന്ന് പറയുന്നവർ തെളിവ് നൽകണമെന്ന് റെജി ചെറിയാൻ പറഞ്ഞു.
പി. കെ ശശിയെ ഒറ്റപ്പാലത്തെ സ്ഥാനാർഥിയായി മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ പ്രഖ്യാപിച്ചു. യുഡിഎഫ് പിന്തുണയോടെയാണ് ശശി മത്സരിക്കുക. മറ്റു മണ്ഡലങ്ങളിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും മാർക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ അറിയിച്ചു.
കൊല്ലം പുനലൂരിൽ ലീഗിന് സീറ്റ് വീണ്ടും നൽകിയാൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് പ്രദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. ജനപ്രതിനിധികൾ അടക്കം സ്ഥാനമാനങ്ങൾ രാജിവെക്കാനും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയും ലീഗ് സ്ഥാനാർഥികൾ പുനലൂരിൽ പരാജയപ്പെട്ടിരുന്നു.
അതിനിടെ, കൊച്ചിയിൽ മുഹമ്മദ് ഷിയാസിൻ്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസ് ആണ് മണ്ഡലത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്. ‘യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിനെ വിജയിപ്പിക്കുക’ എന്നാണ് പോസ്റ്ററിൽ. ദീപ്തി മേരി വർഗീസിൻ്റെ പേരിലും പോസ്റ്ററുകൾ അടിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേയാണ് ഡിസിസി അധ്യക്ഷന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
