തിരുവനന്തപുരം: ലോക ശ്വാസകോശാർബുദ ദിനത്തോടനുബന്ധിച്ച് കിംസ്ഹെൽത്ത് ക്യാൻസർ സെന്ററും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ‘തൂഫാൻ കെയർ’ പദ്ധതിയും സംയുക്തമായി ‘ബീറ്റ് ദ ഫ്യൂംസ്’ എന്ന പേരിൽ ശ്വാസകോശാർബുദ ബോധവത്കരണ പരിപാടി ആരംഭിച്ചു. വിദ്യാർത്ഥികളിൽ ലഹരിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യഫലങ്ങൾ, ക്യാൻസർ പ്രതിരോധത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കിംസ്ഹെൽത്തിൽ നടന്ന ചടങ്ങിൽ ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്തു.
‘തൂഫാൻ കെയർ’ പതാക ഉയർത്തിയാണ് ആഭ്യന്തര മന്ത്രി പരിപാടിക്ക് തുടക്കം കുറിച്ചത്. കേരള സംസ്ഥാന ആഭ്യന്തര വകുപ്പ്, പൊലീസ്, എക്സൈസ് വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയാണ് ‘ഓപ്പറേഷൻ തൂഫാൻ’.
വിദ്യാർത്ഥികൾക്കിടയിൽ പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കേണ്ടതുണ്ടെന്ന് അധ്യക്ഷ പ്രസംഗത്തിൽ കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു. ലഹരി വസ്തുക്കളുടെയും പുകയിലയുടെയും ഉപയോഗമാണ് ശ്വാസകോശ അർബുദത്തിൻറെ പ്രധാന കാരണം. പുകയില വിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിനൊപ്പമുള്ള കിംസ്ഹെൽത്തിന്റെ പങ്കാളിത്തം തുടർന്നും ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് കുടുംബങ്ങൾ നേരിടുന്ന പല പ്രശ്നങ്ങളുടെയും മൂലകാരണം ലഹരി ഉപയോഗമാണ്. ലഹരി എന്ന സാമൂഹിക വിപത്തിനെ ഇല്ലാതാക്കുന്നതിനായി സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുകയാണ്. സുരക്ഷിതവും ആരോഗ്യകരവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിന് കൂട്ടായ പരിശ്രമങ്ങളും തുടർച്ചയായ ഇടപെടലുകളും അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു .ഓപ്പറേഷൻ തൂഫാനുമായി കൈകോർത്ത് ഇത്തരം ഒരു പദ്ധതി സംഘടിപ്പിച്ച കിംസ്ഹെൽത്ത് മാനേജ്മെന്റിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കും തൂഫാൻ കെയർ ഫ്ലാഗുകളും ബാഡ്ജുകളും വിതരണം ചെയ്തു. ‘ബീറ്റ് ദ ഫ്യൂംസ്’ പദ്ധതിയുടെ ഭാഗമായി ലഹരിവർജ്ജനം, ശ്വാസകോശ ആരോഗ്യം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ പൊതുജന പങ്കാളിത്തത്തോടെ വിവിധ ബോധവത്കരണ പരിപാടികളും, ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളും, കൗൺസിലിംഗ് സെഷനുകളും, റീഹാബിലിറ്റേഷൻ, ജനസമ്പർക്ക പരിപാടികളും സംഘടിപ്പിക്കും.
കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം. നജീബ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ, ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ മെഡിക്കൽ അഫയേഴ്സ് വൈസ് പ്രസിഡന്റ് ഡോ. പ്രവീൺ മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
