കൊതുക് ശല്യം തടയാൻ വസ്ത്രങ്ങൾ അലക്കുന്നതിലൂടെ സാധിക്കുന്ന പുതിയ വിദ്യയുമായി ഐഐടി ഡൽഹി രംഗത്ത്. തുണി കഴുകാൻ ഉപയോഗിക്കുന്ന ഡിറ്റർജന്റുകളിൽ പ്രത്യേക രാസഘടകങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പ്രതിരോധ മാർഗം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഐഐടി ഡൽഹിയിലെ ടെക്സ്റ്റൈൽ ആൻഡ് ഫൈബർ എൻജിനീയറിങ് വിഭാഗം മേധാവി പ്രൊഫ. ജാവേദ് നബിബക്ഷ ഷെയ്ഖിന്റെ നേതൃത്വത്തിലാണ് ഈ സവിശേഷ ഡിറ്റർജന്റ് വികസിപ്പിക്കുന്നത്. ഈ കണ്ടുപിടുത്തം പരീക്ഷണ ഘട്ടത്തിൽ വലിയ വിജയമാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഈ ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകിയ തുണി കയ്യിൽ ചുറ്റിയ ശേഷം, കൊതുകുകൾ നിറഞ്ഞ ഒരു പെട്ടിയിലേക്ക് കൈ കടത്തി പരിശോധിക്കുന്ന ‘ഹാൻഡ്-ഇൻ-കേജ്’ എന്ന രീതിയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. തുണിയിലെ രാസഘടകങ്ങൾ കാരണം കൊതുകുകൾ വ്യക്തിയെ കടിക്കുന്നില്ലെന്ന് ഈ പരീക്ഷണത്തിലൂടെ തെളിയിക്കാൻ സാധിച്ചു.
ഈ പുതിയ ഡിറ്റർജന്റ് ഉപയോഗിച്ച് വസ്ത്രങ്ങൾ ഇടയ്ക്കിടെ അലക്കുന്നത് കൊതുകുകളെ അകറ്റി നിർത്താനുള്ള കഴിവ് ദീർഘകാലം നിലനിർത്താൻ സഹായിക്കുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഡിറ്റർജന്റിൽ അടങ്ങിയ ഘടകങ്ങൾ കൊതുകുകൾക്കു ഗന്ധത്തിലൂടെയും രുചിയിലൂടെയും തിരിച്ചറിയാൻ കഴിയുമെന്നും ഗവേഷകർ അവകാശപ്പെട്ടു.
