തുടർച്ചയായി മൂന്നാമതും സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി നേടി ഹാട്രിക് വിജയം കരസ്ഥമാക്കി ഗുരുവായൂർ നഗരസഭ.
അധികാര വികേന്ദ്രീകരണത്തിലും വികേന്ദ്രീകൃത ആസൂത്രണത്തിലും അധിഷ്ഠിതമായി മികച്ച ഭരണവും വികസന, ക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച നഗരസഭക്കുള്ള പുരസ്കാരത്തിന് ഗുരുവായൂർ നഗരസഭ അർഹത നേടിയത്. തദ്ദേശ സ്വയംഭരണം, എക്സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. 50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമാണ് പുരസ്കാരം.
ഭരണ മികവിലൂടെയും നിരന്തരമായ പ്രയത്നത്തിലൂടെയും സംസ്ഥാനത്തിനും രാജ്യത്തിനും തന്നെ മാതൃകയായ ഗുരുവായൂർ നഗരസഭയുടെ മാലിന്യ സംസ്കരണ രംഗത്തെ പ്രവർത്തനങ്ങളും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, പദ്ധതി വിഹിത നിര്‍വ്വഹണം, വയോജന – ഭിന്നശേഷി പദ്ധതികള്‍, കാര്‍ഷിക-വിദ്യാഭാസ പദ്ധതികള്‍ തുടങ്ങിയ എല്ലാ മേഖലകളിലും നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിലെത്തിച്ചത്.
*ഗുരുവായൂർ നഗരസഭ കരസ്ഥമാക്കിയ മറ്റു പ്രധാന പുരസ്കാരങ്ങൾ*
* 2022-23, 2023-24 വർഷങ്ങളിൽ തുടർച്ചയായി രണ്ട് തവണ സ്വരാജ് ട്രോഫി
* പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ പരിസ്ഥിതി മിത്രം അവാർഡ്
* സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്ലാറ്റിനം അവാർഡ്
* 2023-24 വർഷത്തെ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്ര കേരളം പുരസ്കാരം
* മാലിന്യമുക്ത നവകേരള ക്യാമ്പയിനിൽ കേരളത്തിലെ ഏറ്റവുംമികച്ച നഗരസഭയായിതെരഞ്ഞെടുത്തു.
* വൃത്തി കോൺക്ലവ് ഒന്നാം സ്ഥാനം
* കുടുംബശ്രീ ഒപ്പം ക്യാമ്പയിൻ 2023- ഒന്നാം സ്ഥാനം
* സ്വച്ച് ഭാരത് മിഷന്റെ ഇന്ത്യൻ സ്വച്ചതാ ലീഗ് 2022 – മികച്ച പെർഫോമൻസിനുള്ള അവാർഡ്
