തിരുവനന്തപുരം: കേരളത്തിലെ യാത്രാമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് പ്രമുഖ മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപിഡോ (Rapido). കേരള മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് ഔദ്യോഗിക പ്രവർത്തനം ആരംഭിച്ച റാപിഡോ, വനിതകളുടെ സുരക്ഷയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് ‘പിങ്ക് മൊബിലിറ്റി’ പദ്ധതിക്കും ‘റാപിഡോ ശക്തി’ എന്ന പ്രത്യേക പരിപാടിക്കും തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.
സ്ത്രീകളെ പ്രൊഫഷണൽ റൈഡർമാരായി പരിശീലിപ്പിക്കുകയും അവർക്ക് സ്ഥിരമായ വരുമാന മാർഗ്ഗം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ഗതാഗത മേഖലയിൽ പുതിയൊരു ചരിത്രം കുറിക്കുകയാണ് ഈ കൂട്ടായ്മ. പരിശീലനം കെഎസ്ആർടിസിയുടെ സഹകരണത്തോടെ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുമായി സഹകരിച്ചാണ് വനിതാ ഡ്രൈവർമാർക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നൽകുന്നത്. തിരുവനന്തപുരത്തെ കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിംഗ് സെന്ററിൽ ബാച്ച് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. ഒരു സൈക്കിളിൽ 50 പേർക്ക് (25 പേർ വീതമുള്ള രണ്ട് ബാച്ചുകൾ) വീതം പരിശീലനം നൽകും.
പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിഷയങ്ങൾ:
-
സുരക്ഷിതമായ റൈഡിംഗ് രീതികളും ട്രേഡ് തിയറിയും.
-
ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധവും മോട്ടോർ വാഹന നിയമങ്ങളും.
-
ഓൺലൈൻ ടാക്സി, ഹയർ ഓപ്പറേഷൻസ് എന്നിവയിലെ സാങ്കേതിക വശങ്ങൾ.
-
അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ഫസ്റ്റ് എയ്ഡ് പരിശീലനം.
-
യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിനായുള്ള കസ്റ്റമർ സർവീസ് പരിശീലനം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകും. ഇതോടെ, തികഞ്ഞ പ്രൊഫഷണലിസവും സുരക്ഷാ അവബോധവുമുള്ള വനിതാ ഡ്രൈവർമാരുടെ ഒരു നിര തന്നെ കേരളത്തിലെ നിരത്തുകളിൽ സജീവമാകും.
