തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചു. ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.
വേണുവിൻ്റെ ചികിത്സയിൽ വീഴ്ചകളില്ലെന്നാണ് അന്വേഷണ സംഘത്തിൻ്റെ പ്രധാന കണ്ടെത്തൽ. കൂടാതെ കേസ് ഷീറ്റിൽ പോരായ്മകൾ കണ്ടെത്തിയിട്ടില്ല. പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സയാണ് വേണുവിന് നൽകിയതെന്ന് കാർഡിയോളജി വിഭാഗം ഡോക്ടർമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
എന്നാൽ, ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും തമ്മിലുള്ള ആശയവിനിമയത്തിൽ അപാകതയുണ്ടായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ നിഗമനമുണ്ട്. വേണുവിൻ്റെ ശബ്ദ സന്ദേശം സംബന്ധിച്ച് കുടുംബത്തിൻ്റെ ഭാഗത്തുനിന്ന് കൂടുതൽ വ്യക്തത വരുത്തണമെന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ഇതിനായി, വേണുവിൻ്റെ ഭാര്യയിൽ നിന്ന് ഡി.എം.ഇ. വിവരങ്ങൾ തേടും. ഈ നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറുക.
