തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്. നഗരസഭയില്‍ സമാധാനപരമായാണ് പ്രതിഷേധം നടത്തിയതെന്നും മേയര്‍ പൊലീസുകാരെ ഉള്‍പ്പെടെ ചവിട്ടി മെതിച്ചാണ് ഓഫീസിലെത്തിയതെന്നും വി ജോയ് ആരോപിച്ചു. കൗണ്‍സിലര്‍ സിന്ധു ശശിയുടെ തലയില്‍ അടിയേറ്റ് ഏഴ് സ്റ്റിച്ചുകള്‍ ഇട്ടുവെന്നും അവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും ജോയ് പറഞ്ഞു. കൗണ്‍സിലര്‍ വീണയുടെ കാല് പൊട്ടി പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണെന്നും അവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായ സ്ഥിതിയാണെന്നും അദ്ദേഹം അറിയിച്ചു.
വിഷയത്തില്‍ മാധ്യമങ്ങളില്‍ എല്‍ഡിഎഫിന് വേണ്ടത്ര മേല്‍ക്കൈ കിട്ടിയിട്ടില്ലെന്നും നഗരസഭയില്‍ നടന്നത് നാടകമാണെന്നും വി ജോയ് ആരോപിച്ചു. ‘ആര് സുഗതന്റെ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കണം. അതാണ് മേയറുടെ നേതൃത്വത്തില്‍ ബോധപൂര്‍വ്വം നടന്നത്. വരുംദിവസങ്ങളില്‍ സമരം ശക്തമാക്കും. ആര് സുഗതനെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും പുറത്താക്കണം’: വി ജോയ് പറഞ്ഞു. തിരുവനന്തപുരം നഗരസഭ ഭരണ സ്തംഭനത്തിലാണെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു. തെരുവുനായ ശല്യം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും ശിവന്‍കുട്ടി ആരോപിച്ചു.
‘ആര് സുഗതനെ കാപ്പാ കേസില്‍ പെടുത്തിയത് ഇടതുപക്ഷമല്ല. അയാളുടെ പ്രവര്‍ത്തികൊണ്ടാണ് കാപ്പാ കേസില്‍ പെട്ടത്. ആര് സുഗതന് കൗണ്‍സിലര്‍ ആയത് ജനങ്ങളെ ഭീഷണിപ്പെടുത്തിയാണ്. വാഴോട്ടുകോണം വാര്‍ഡില്‍ ഞങ്ങള്‍ പോകും. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കും. സുഗതനെ രക്ഷപ്പെടുത്താന്‍ വേണ്ടി കൗണ്‍സിലുമായി ബന്ധപ്പെട്ട രേഖകളില്‍ തിരിമറി നടത്തിയിട്ടുണ്ട്. സുഗതന് കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല എന്നാണ് ഞങ്ങളുടെ വിശ്വാസം. സുഗതന് അയോഗ്യത കല്പ്പിച്ചാല് കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഭരണം നഷ്ടമാകും’: വി ശിവന്‍കുട്ടി പറഞ്ഞു.
