കാലിത്തൊഴുത്തിലെ വിനയത്തിൽ ശാന്തിയുടെയും സമാധാനത്തിന്റെയും വെളിച്ചമായി ഉണ്ണിയേശു പിറന്നുവീണതിന്റെ സ്മരണ പുതുക്കി ലോകം ക്രിസ്മസ് ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി ശുശ്രൂഷകളും പാതിരാകുർബാനയും നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ, ലിയോ പതിനാലാമൻ മാർപാപ്പ തന്റെ സ്ഥാനാരോഹണത്തിന് ശേഷമുള്ള ആദ്യ ക്രിസ്മസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദരിദ്രരോടും അപരിചിതരോടും ദയ കാണിക്കണമെന്നും സഹായം അർഹിക്കുന്നവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും മാർപാപ്പ തന്റെ സന്ദേശത്തിൽ വിശ്വാസികളെ ഓർമ്മിപ്പിച്ചു.കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ നടന്ന ചടങ്ങുകളിൽ സഭാ അധ്യക്ഷന്മാർ ക്രിസ്മസ് സന്ദേശം നൽകി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ മുഖ്യകാർമികത്വം വഹിച്ചു. യേശുവിന്റെ നാമം ഭൂമിയിൽ നിന്ന് മാറ്റാൻ മറ്റാർക്കും കഴിയില്ലെന്നും, വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കും ഭരണാധികാരികൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിശ്വാസികൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തെ അദ്ദേഹം അപലപിക്കുകയും സമാധാനത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
കൊല്ലം പുനലൂർ ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന എൽദോ പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര മെത്രാപ്പൊലീത്ത ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കാർമികത്വം വഹിച്ചു. പരസ്പര സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശമുയർത്തി വീടുകളിലും ക്രിസ്മസ് കരോളുകളും നക്ഷത്രവിളക്കുകളും പുൽക്കൂടുകളുമായി വിശ്വാസികൾ ഈ പുണ്യദിനം ആഘോഷമാക്കി.
