തളിര്‍ബാല്യത്തിന് പച്ചപ്പിന്റെ കരുതലുമായി ശിശുക്ഷേമസമിതി

വളര്‍ന്നുവരുന്ന തലമുറകള്‍ക്ക് പരിസ്ഥിതിയുടെ ‘തണലൊരുക്കുന്ന’ മാതൃകയുമായി ജില്ലാ ശിശുക്ഷേമ സമിതി. ‘തളിര്‍ ബാല്യത്തിന് ഒരു കരുതല്‍’ പദ്ധതിയിലൂടെ ഇനി സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കും. തളിരിടുന്ന ബാല്യത്തിനൊപ്പം വരുമാനസ്രോതസായും വളരുന്ന തേക്കിന്‍തൈകളാണ് സമ്മാനിക്കുക. നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 1000 തൈകള്‍ അമ്മയ്ക്കും കുഞ്ഞിനും നല്‍കും. വിതരണംചെയ്ത തൈകളുടെ പരിപാലനം അംഗനവാടികള്‍ വഴി നിര്‍വഹിക്കും. റോട്ടറി ക്ലബ് ഓഫ് കൊല്ലം ബൈപാസ് സിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതിനിര്‍വഹണം.

ബാലസൗഹൃദ ജില്ലായാക്കി മാറ്റുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പരിസ്ഥിതിപാലനത്തില്‍ മികവു പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് ‘ഭൂമിത്രവിദ്യാലയം’ പുരസ്‌കാരവും ഏര്‍പ്പെടുത്തും. ശിശു വികസന സമിതിയുടെ ‘മാതൃയാനം’ പദ്ധതിവഴി പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്നുണ്ട് എന്ന് ശിശുക്ഷേമ സമിതി സെക്രട്ടറി ഡി. ഷൈന്‍ദേവ് അറിയിച്ചു.
‘തളിര്‍ ബാല്യത്തിന് ഒരു കരുതല്‍’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സര്‍ക്കാര്‍ വിക്‌ടോറിയ ആശുപത്രിയില്‍ 13ന് രാവിലെ 11ന് ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ നിര്‍വഹിക്കും. ഉദ്ഘാടനതലേന്ന് ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കണക്കാക്കി അത്രയും വൃക്ഷതൈകള്‍ ആശുപത്രി പരിസരത്ത് നടുന്നുമുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *