<strong>തിരുവനന്തപുരം</strong>: തിരുവനന്തപുരം നഗരസഭയിലെ ബിജെപി നേതൃത്വത്തിലുള്ള ഭരണത്തിനെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. നഗരസഭാ ഭരണം അങ്ങേയറ്റം ദുസ്സഹമാണെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ മാലിന്യ പ്രശ്നങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. മാലിന്യ നീക്കം വെറും ഫോട്ടോ ഷൂട്ടായി മാറി. നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ല. കുടിവെള്ള പ്രശ്നത്തിൽ തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന മേയറുടെ വാദം പരിഹാസ്യമാണെന്നും മന്ത്രി പറഞ്ഞു. മുൻ ഡിജിപിമാരായ ടി.പി. സെൻകുമാറിനെയും ആർ. ശ്രീലേഖയെയും മന്ത്രി രൂക്ഷമായി പരിഹസിച്ചു. പോലീസിനെതിരെ ‘പോടാ പുല്ലേ’ എന്ന മുദ്രാവാക്യത്തിന് മുൻകൂർ പ്രാബല്യം ഉണ്ടോ എന്നാണ് മന്ത്രി ചോദിച്ചത്. ഇവർ സർവീസിലിരുന്നപ്പോൾ എടുത്ത നടപടികൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേനൽച്ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ ജോലി ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം പല തൊഴിലുടമകളും പാലിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
