Home » Blog » Kerala » തലസ്ഥാനത്തെ ‘വിഷപ്പുകമഞ്ഞ്’ യാത്ര മുടക്കി; മെസ്സി ഡൽഹിയിൽ കുടുങ്ങി!
DSZF-1-680x450

അർജന്റീന നായകൻ ലിയോണൽ മെസ്സിയുടെ ഡൽഹി സന്ദർശനം അപ്രതീക്ഷിതമായി വൈകുന്നു. ഡൽഹിയിലെ അതിരൂക്ഷമായ മൂടൽമഞ്ഞും കനത്ത വായു മലിനീകരണവുമാണ് മെസ്സി സഞ്ചരിക്കേണ്ട വിമാനത്തിന് മുംബൈയിൽ നിന്ന് പുറപ്പെടാൻ കഴിയാത്തതിന്റെ പ്രധാന കാരണം. ഉച്ചയ്ക്ക് രണ്ടരയോടെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മെസ്സി, വൈകിട്ട് നാല് മണിയോടെ മാത്രമേ തലസ്ഥാനത്ത് എത്തുകയുള്ളൂവെന്നാണ് നിലവിലെ സൂചന.

മെസ്സിയെ നേരിൽ കാണാനും സ്റ്റേഡിയത്തിലെ പ്രദർശന മത്സരത്തിൽ താരം കളിക്കുന്നത് കാണാനുമായി മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്. ആരാധകരെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ പരിപാടിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിനകത്തും പുറത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വിമാന സർവീസുകൾ താറുമാറായി

ഡൽഹിയിലെ കനത്ത പുകമഞ്ഞ് വിമാന സർവീസുകളെ പൂർണ്ണമായി താറുമാറാക്കി. ഡൽഹി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് റദ്ദാക്കിയത്. കൂടാതെ, 150-ലധികം വിമാന സർവീസുകൾ വൈകുകയും നാല് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. താപനിലയിലെ കുറവും വായു മലിനീകരണം രൂക്ഷമായതുമാണ് ഡൽഹിയിൽ പുകമഞ്ഞ് ശക്തമാകാൻ കാരണമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

മലിനീകരണം ‘ഗുരുതര വിഭാഗത്തിൽ’

കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിലെ വായു ഗുണനിലവാരം ‘ഗുരുതര വിഭാഗത്തിൽ’ തുടരുകയാണ്. ഇന്ന് രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാരം 456 ആണ്. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചു. പാർലമെന്റിലും വിഷയം പ്രതിപക്ഷം ശക്തമായി ഉയർത്തി. കോൺഗ്രസ് എംപിമാരായ പ്രിയങ്ക ഗാന്ധിയും മാണിക്കം ടാഗോറും വായു മലിനീകരണത്തെക്കുറിച്ച് ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയത്തിൽ സഭയിൽ ചർച്ച നടന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.