ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത വർധിപ്പിച്ചുകൊണ്ട് വിജയ് സർക്കാർ ഉത്തരവിറക്കി. രണ്ട് ശതമാനം വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ജീവനക്കാരുടെ ഡിഎ നിലവിലുള്ള 58 ശതമാനത്തിൽ നിന്നും 60 ശതമാനമായി ഉയരും. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തന്നെ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയുള്ള നിർണ്ണായക തീരുമാനവുമായി മുന്നോട്ടുപോവുകയാണ് പുതിയ സർക്കാർ.
അടുത്ത ജനുവരി മാസം മുതലാണ് പുതുക്കിയ നിരക്കിന് പ്രാബല്യമുണ്ടാകുക. ഡിഎ വർധിപ്പിച്ചതിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവർഷം 1230 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സർക്കാർ ജീവനക്കാർ, അധ്യാപകർ, വിരമിച്ചവർ, ആശ്രിത പെൻഷൻകാർ എന്നിവരടക്കം ഏകദേശം 16 ലക്ഷത്തോളം പേർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. കേന്ദ്രസർക്കാർ ഡിഎ വർധിപ്പിച്ച സാഹചര്യത്തിലാണ് സംസ്ഥാനവും സമാനമായ രീതിയിൽ ആനുകൂല്യം പുതുക്കി നിശ്ചയിച്ചതെന്ന് സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്ന ഭരണശൈലിയാണ് ടിവികെ സഖ്യസർക്കാർ സ്വീകരിക്കുന്നത് എന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. മേയ് പത്താം തീയതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, വീടുകൾക്ക് പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന പദ്ധതിക്കും മുഖ്യമന്ത്രി വിജയ് അംഗീകാരം നൽകിയിരുന്നു. രണ്ടാമത്തെ പ്രധാന ജനപ്രിയ പ്രഖ്യാപനമായാണ് ഇപ്പോൾ ഡിഎ വർധനവ് പുറത്തുവന്നിരിക്കുന്നത്. സർക്കാരിന്റെ ഈ തീരുമാനത്തെ വിവിധ തൊഴിലാളി സംഘടനകളും പെൻഷൻകാരുടെ കൂട്ടായ്മകളും സ്വാഗതം ചെയ്തു.
