തൊഴിലന്വേഷകരെയും ബിസിനസ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് വേണ്ടി ജനറേറ്റീവ് എഐയുടെ ഉപയോഗം വർധിക്കുന്നതായി ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. വ്യാജ തൊഴിൽ അവസരങ്ങൾ, ബിസിനസ്സ് സ്ഥാപനങ്ങളുടെ ക്ലോൺ ചെയ്ത പേജുകൾ, യഥാർത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കൽ ആപ്പുകൾ എന്നിവ നിർമ്മിക്കാൻ സൈബർ കുറ്റവാളികൾ ഇപ്പോൾ എഐ ടൂളുകൾ ഉപയോഗിക്കുന്നു. ഇത് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അതിനാൽ, ഓൺലൈൻ ഇടപെടലുകളിൽ പരമാവധി ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യവും ഗൂഗിൾ എടുത്തു പറയുന്നു.
ഗൂഗിളിന്റെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി ടീം നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച്, കുറ്റവാളികൾ ഇപ്പോൾ ജനറേറ്റീവ് എ.ഐ. ടൂളുകൾ ഉപയോഗിച്ച് വ്യാജ ജോലി പോസ്റ്റിംഗുകൾ, ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവ നിർമ്മിക്കുന്നു. ഈ തട്ടിപ്പുകൾ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ്സ് ഉടമകളെയും ലക്ഷ്യമിട്ടുള്ളതാണ്. അറിയപ്പെടുന്ന സ്ഥാപനങ്ങളെയും സർക്കാർ ഏജൻസികളെയും അനുകരിക്കുന്ന വ്യാജ ജോലി ലിസ്റ്റിംഗുകളാണ് ഇത്തരം തട്ടിപ്പുകളിൽ പ്രധാനം. ഇരകളെ കബളിപ്പിച്ച് വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാനും, ‘ജോലി പ്രോസസ്സിംഗ് ഫീസ്’ എന്ന പേരിൽ പണം തട്ടിയെടുക്കാനും ശ്രമം നടക്കുന്നു. കൂടാതെ, മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ കഴിയുന്ന വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും ചില തട്ടിപ്പുകാർ വിതരണം ചെയ്യുന്നുണ്ട്. നിയമാനുസൃതമായ തൊഴിലുടമകൾ ഒരിക്കലും പേയ്മെന്റുകളോ സാമ്പത്തിക വിവരങ്ങളോ ആവശ്യപ്പെടില്ല എന്നും ഗൂഗിൾ തൊഴിലന്വേഷകരെ ഓർമ്മിപ്പിക്കുന്നു.
അതേസമയം ബിസിനസ്സ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളും വർധിക്കുകയാണ്. തട്ടിപ്പുകാർ ഒരു സ്ഥാപനത്തിന്റെ ഓൺലൈൻ പേജുകളിൽ മനഃപൂർവ്വം മോശം അവലോകനങ്ങൾ പോസ്റ്റ് ചെയ്യുകയും, അത് നീക്കം ചെയ്യാൻ പണം ആവശ്യപ്പെടുകയും ചെയ്യുന്ന രീതി നിലവിലുണ്ട്. ഇത്തരം ഭീഷണികളിൽ നിന്നും രക്ഷ നേടുന്നതിനായി, ബിസിനസ്സുകൾക്ക് അവരുടെ ബിസിനസ്സ് പ്രൊഫൈലുകൾ വഴി നേരിട്ട് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന ഒരു പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. മൊത്തത്തിൽ, എഐയുടെ സഹായത്തോടെയുള്ള ആൾമാറാട്ട തട്ടിപ്പുകൾ വർധിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പും ഗൂഗിൾ ആവർത്തിക്കുന്നുണ്ട്.
എ.ഐ. അധിഷ്ഠിത സുരക്ഷാ ഭീഷണികളെ നേരിടാൻ തങ്ങളുടെ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതായി ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. സേഫ് ബ്രൗസിംഗ്, കർശനമായ പ്ലേ സ്റ്റോർ നയങ്ങൾ, ജിമെയിലിലും ഗൂഗിൾ മെസേജുകളിലും തത്സമയ തട്ടിപ്പ് കണ്ടെത്തൽ തുടങ്ങിയ സംവിധാനങ്ങൾ ഇതിന്റെ ഭാഗമായി മെച്ചപ്പെടുത്തി. എങ്കിലും, പ്രധാന ഫെസ്റ്റിവൽ വിൽപ്പനകളും ഷോപ്പിംഗ് ഇവന്റുകളും നടക്കുന്ന സമയങ്ങളിൽ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഗൂഗിൾ നിർദ്ദേശം നൽകിയിട്ടുണ്ട്. വെബ്സൈറ്റ് വിലാസങ്ങൾ ശ്രദ്ധയോടെ പരിശോധിക്കുക, ഔദ്യോഗികമല്ലാത്ത ഇടങ്ങളിൽ നിന്നുള്ള ഡൗൺലോഡുകൾ ഒഴിവാക്കുക, അമിതമായി ആകർഷിക്കുന്ന ഓഫറുകളിൽ വഞ്ചിതരാകാതിരിക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ എടുക്കാനും ഗൂഗിൾ ഉപയോക്താക്കളെ ഉപദേശിക്കുന്നു.
