രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം അതീവ രൂക്ഷമായി തുടരുന്നതിനെത്തുടർന്ന് വിമാന സർവീസുകൾ താറുമാറായി. കനത്ത മൂടൽമഞ്ഞ് മൂലം കാഴ്ചപരിധി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ആകെ 40 വിമാന സർവീസുകളാണ് റദ്ദാക്കിയത്. കൂടാതെ, നാല് സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
ദിവസങ്ങൾക്ക് ശേഷം സർവീസ് പുനരാരംഭിച്ച ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾക്ക് തടസ്സം നേരിട്ടതോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വലഞ്ഞു. എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാവിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശരാശരി എയർ ക്വാളിറ്റി 490 ന് മുകളിൽ
നഗരത്തിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 490-ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതീവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ‘തീവ്ര മലിനീകരണം’ എന്ന വിഭാഗത്തിലാണ് ഈ നിലവിലെ എയർ ക്വാളിറ്റി സൂചിക വരുന്നത്.
ജഹാംഗീർപുരിയിലാണ് മലിനീകരണം ഏറ്റവും തീവ്രം. ഇവിടെ AQI 498 ആണ് രേഖപ്പെടുത്തിയത്. എയർ ക്വാളിറ്റി ഏർലി വാണിംഗ് സിസ്റ്റം റിപ്പോർട്ട് അനുസരിച്ച്, ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അടുത്ത ആറ് ദിവസത്തോളം ഗുരുതരമായി തുടരാനാണ് സാധ്യത.
ഭരണകൂടത്തിനെതിരെ പ്രതിഷേധം
അതേസമയം, വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
