Home » Blog » Kerala » ‘ഡിഎംകെയുമായി സഖ്യമുണ്ടായാൽ പിന്നെ പാർട്ടിയില്ല’; ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച് അണ്ണാ ഡിഎംകെ വിമത വിഭാഗം
25

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് അണ്ണാ ഡിഎംകെയുടെ വിമത വിഭാഗം. എസ്.പി.വേലുമണിയുടെയും സി.വി.ഷൺമുഖത്തിന്റെയും നേത‍ൃത്വത്തിലുള്ള വിമത വിഭാഗമാണ് വിജയ് സർക്കാരിന് പിന്തുണ അറിയിച്ചത്. ഇന്ന് വിജയുമായി വിമതർ കൂടിക്കാഴ്ച നടത്തിയേക്കും.

അതേസമയം, അണ്ണാ ഡിഎംകെയെ പിളർത്താൻ ഉദ്ദേശ്യമില്ലെന്നാണ് ഷൺമുഖം പറഞ്ഞത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഡിഎംകെയുമായി മൂന്നുതവണയും ടിവികെയുമായി ഒരു തവണയുമേറ്റ പരാജയത്തിൽനിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് ഷൺമുഖം പറഞ്ഞു. “പാർട്ടിയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. പാർട്ടിയുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യണം. അതിനായി പാർട്ടി കൗൺസിൽ ചേരണമെന്ന് ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമിയോട് അഭ്യർഥിക്കുകയാണ്.” – സി.വി.ഷൺമുഖം പറഞ്ഞു.

ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ തയാറായെന്ന അഭ്യൂഹവും ഷൺമുഖം തള്ളി. “ഡിഎംകെയ്ക്ക് എതിരെയാണ് ഈ പാർട്ടി രൂപീകരിച്ചത്. 53 വർഷമായി ഞങ്ങളുടെ രാഷ്ട്രീയം ഡിഎംകെയ്ക്ക് എതിരാണ്. അതുകൊണ്ടുതന്നെ ഡിഎംകെയുടെ പിന്തുണയോടെ അണ്ണാ ഡിഎംകെ സർക്കാർ രൂപീകരിക്കാനുള്ള നിർദേശം തള്ളിക്കളഞ്ഞു. അത്തരമൊരു സഖ്യമുണ്ടായാൽ അണ്ണാ ഡിഎംകെ പിന്നെ ഇല്ല.” –ഷൺമുഖം പറഞ്ഞു.