ജിമെയിൽ ഐഡി മാറ്റാൻ കഴിയാത്തതിനാൽ വർഷങ്ങളായി ഒരേ വിലാസം ഉപയോഗിക്കുന്നവർക്ക് ആശ്വാസവാർത്ത. ഉപയോക്താക്കളുടെ നിരന്തരമായ ആവശ്യപ്രകാരം, ജിമെയിൽ ഐഡി മാറ്റാനോ എഡിറ്റ് ചെയ്യാനോ ഉള്ള പുതിയ ഫീച്ചറിൽ ഗൂഗിൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ഗൂഗിൾ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഗൂഗിൾ സപ്പോർട്ട് പേജിലെ ‘ജിമെയിൽ വിലാസം മാറ്റുക’ (Change Gmail Address) എന്ന പുതിയ വിഭാഗം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
എങ്ങനെയായിരിക്കും ഈ മാറ്റം?
ഡാറ്റ നഷ്ടപ്പെടില്ല: പഴയ ഐഡി മാറ്റി പുതിയത് സ്വീകരിക്കുമ്പോൾ നിങ്ങളുടെ ഇൻബോക്സിലെ ഇമെയിലുകളോ മറ്റ് ഡാറ്റകളോ നഷ്ടമാകില്ല.
രണ്ട് ഐഡികളും സജീവം: പുതിയ ഐഡി നിലവിൽ വന്നാലും പഴയ ഐഡിയിലേക്കുള്ള മെയിലുകളും അതേ ഇൻബോക്സിലേക്ക് തന്നെ എത്തുന്ന രീതിയിലായിരിക്കും ക്രമീകരണം. ലോഗിൻ ചെയ്യാൻ പഴയ ഐഡിയും ഉപയോഗിക്കാം.
പരിധികൾ: പുതിയ ഫീച്ചർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഗൂഗിൾ ചില നിബന്ധനകൾ വെച്ചേക്കാം. 12 മാസത്തിനിടെ ഒരു തവണ മാത്രമേ ഐഡി മാറ്റാൻ അനുവദിക്കൂ എന്നും, പരമാവധി 3 തവണ മാത്രമേ ഇത്തരത്തിൽ മാറ്റം വരുത്താൻ കഴിയൂ എന്നും സൂചനകളുണ്ട്.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുന്ന ഈ ഫീച്ചർ, വൈകാതെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി ‘ഗൂഗിൾ മൈ അക്കൗണ്ട്’ വഴി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
