ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. 215 കിലോമീറ്റർ വരെ ദൂരമുള്ള ഓർഡിനറി ക്ലാസ് യാത്രാനിരക്കിൽ മാറ്റമില്ല. എന്നാൽ 215 കിലോമീറ്ററിന് മുകളിലുള്ള ഓർഡിനറി ക്ലാസ് യാത്രകളിൽ കിലോമീറ്ററിന് ഒരു പൈസ വീതം നിരക്ക് വർധിക്കും. മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ സബർബൻ ട്രെയിനുകളിലും നിലവിലെ നിരക്കുകൾ തുടരും. പ്രതിമാസ സീസൺ ടിക്കറ്റുകളുടെ നിരക്കിലും വർധനയില്ല.
500 കിലോമീറ്റർ ദൂരമുള്ള നോൺ-എസി യാത്രയ്ക്ക് 10 രൂപ അധികമായി നൽകേണ്ടിവരും. മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ നോൺ-എസി ക്ലാസുകളിൽ കിലോമീറ്ററിന് രണ്ട് പൈസയാണ് വർധന. സാധാരണ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഈ നിരക്ക് വർധന കാര്യമായി ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. നിരക്ക് വർധനയിലൂടെ ഏകദേശം 600 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്. ജൂലൈയിൽ നടപ്പാക്കിയ നിരക്ക് വർധനയിലൂടെ ഇതുവരെ 700 കോടി രൂപയുടെ വരുമാനം ലഭിച്ചതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.
