Home » Blog » kerala Max » “ട്രംപ് വഞ്ചിക്കും, യുഎസുമായി ഇനി നയതന്ത്ര ചർച്ചകൾക്ക് സ്ഥാനമില്ല”; ഇറാൻ
14

ടെഹ്റാൻ: യുഎസും ഇസ്രയേലുമായി യുദ്ധം തുടരവേ ഇനി നയതന്ത്ര ചർച്ചകൾക്കു സ്ഥാനമില്ലെന്ന് ഇറാൻ പരമോന്നത നേതാവിന്റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി. അമേരിക്കൻ വാർത്താചാനലായ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണു ഖരാസി നിലപാട് വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപ് വാഗ്ദാനങ്ങൾ പാലിക്കില്ലെന്നും വഞ്ചിക്കുമെന്നും കമാൽ ഖരാസി പറഞ്ഞു. തങ്ങളിത് രണ്ടുതവണ നേരിട്ട് അറിഞ്ഞതാണെന്നും ചർച്ചകളിൽ ഏർപ്പെട്ടിരിക്കവേ അവർ തങ്ങളെ ആക്രമിച്ചെന്നും ഖരാസി പറഞ്ഞു. യുഎസുമായി ഇറാന് ഭാവിയിൽ ചർച്ച നടത്താൻ സാധിക്കുമെന്നു തോന്നുന്നില്ലെന്നും അഭിമുഖത്തിൽ ഖരാസി വ്യക്തമാക്കി.

യുഎസും ഇസ്രയേലും ഇറാനെ വീണ്ടും ആക്രമിക്കാൻ ധൈര്യപ്പെടില്ലെന്ന ഉറപ്പ് ലഭിച്ചാലല്ലാതെ ചർച്ച നടക്കുമെന്ന് തോന്നുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം. ഇറാനിലെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ട്രംപിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നും ഖരാസി പറഞ്ഞു. വിഷയത്തിലെ ട്രംപിന്റെ നിലപാട് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഖരാസി.

‘‘ഇറാനികൾക്ക് അവരുടെ കാര്യങ്ങൾ സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിവുണ്ട്. മുജ്‍തബ ഖമനയിയെ തിരഞ്ഞെടുത്തതിലൂടെ അതു തെളിയിച്ചു. ഇറാന്റെ സിസ്റ്റം പൂർണ്ണമായും പ്രവർത്തിക്കുന്നു. ട്രംപിനോ, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്താൻ മറ്റാർക്കുമോ ഇതിലൊന്നും ചെയ്യാനില്ല.’’ – ഖരാസി പറഞ്ഞു.