Home » Blog » Kerala » ടൂറിസം മേഖലയില്‍ വലിയ പുരോഗതി സാധ്യമായി: മന്ത്രി പി.എ മുഹമ്മദ് റിയാസ്
images (79)

 

രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

 

ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായ കാലമാണിതെന്നും കേരളത്തിലേക്ക് എത്തിയ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെയും സ്വകാര്യ പങ്കാളിത്തത്തോടു കൂടി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയത്ത് കോവിഡ് രൂക്ഷമായിരുന്നു. ഒരു വീട്ടിലെ തന്നെ മറ്റൊരു മുറിയിലേക്ക് ഒരു മനുഷ്യന് സഞ്ചരിക്കാന്‍ കോവിഡ് പ്രോട്ടോക്കോള്‍ തടസമായിരുന്ന ഒരു കാലം. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്നത് ആലോചിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്ന് നമുക്കറിയാം. ടൂറിസം മേഖല വെന്റിലേറ്ററിലായിരുന്നു. പ്രതിസന്ധി എന്ന് പറഞ്ഞ് നിലവിളിച്ച് കരയുകയായിരുന്നില്ല. കോവിഡിന്റെ രൂക്ഷത കുറയുന്ന തൊട്ടടുത്ത ദിവസം മുതല്‍ എന്തൊക്കെ പദ്ധതികള്‍ ആവിഷ്‌കരിക്കണം, എങ്ങനെ ഇടപെടണം എന്നുള്ളതിന് ഓണ്‍ലൈനില്‍ ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്തു. അവരില്‍ നിന്നും ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന അഭിപ്രായങ്ങള്‍ നടപ്പിലാക്കാനുള്ള വലിയ ശ്രമം സര്‍ക്കാര്‍ നടത്തി. ആ ശ്രമമാണ് ഇന്ന് വിനോദ സഞ്ചാരികളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയത്. 2025-ല്‍ കേരളം സന്ദര്‍ശിച്ച സഞ്ചാരികളുടെ എണ്ണം 2,58,80,365 (2.58 കോടി) ആണ്. ഒറ്റക്കൊല്ലം 28 ലക്ഷത്തില്‍ അധികം സഞ്ചാരികളാണ് നമ്മുടെ നാട്ടിലേക്ക് കടന്നു വന്നത്. ഇത് കേരളത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് ആണ്. ഈ കുതിപ്പ് നമ്മുടെ ടൂറിസം മേഖലക്ക് ഏറെ ഉണര്‍വ് നല്‍കുന്നതാണ്. കേരളത്തിലെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വിദേശ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി. അഭ്യന്തര സഞ്ചാരികളുടെ എണ്ണം 12.64 ശതമാനമാണ്. വിദേശ സഞ്ചാരികളുടെ കാര്യത്തിലും നല്ല കുതിപ്പുണ്ടായി. ഒറ്റവര്‍ഷം കൊണ്ട് വിദേശ സഞ്ചാരികളുടെ എണ്ണത്തിലും 11.33 ശതമാനം വര്‍ദ്ധനവമുണ്ടായി. വിദേശ സഞ്ചാരികള്‍ വര്‍ധിക്കുന്നത് വലിയ മുന്നേറ്റമാണ്. ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായി ലോകം പൊതുവെ കേരളത്തെ അംഗീകരിച്ചു.. ടൂറിസം മേഖലയില്‍ നാം മത്സരിക്കുന്നത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായിട്ടല്ല, ലോക രാജ്യങ്ങളുമായിട്ടാണ്. ടൂറിസം ഭൂപടത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രിയമേകുന്ന ടൂറിസം കേന്ദ്രമായി കേരളം മാറി. ഈ മാറ്റം ടൂറിസം മേഖലയില്‍ എല്ലാവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയുടെയും ഇടപെടലിന്റെയും ഫലമാണെന്നും മന്ത്രി പറഞ്ഞു.

 

വിവിധ പദ്ധതികളാണ് രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തില്‍ നടപ്പാക്കുന്നതെന്നും ഇത് പുതിയ കുതിപ്പിന് സാഹചര്യമൊരുക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എം.എം മണി എംഎല്‍എ പറഞ്ഞു. ജില്ലയില്‍ മിക്ക പ്രദേശങ്ങളും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ്. ആയിരക്കണക്കിനാളുകളാണ് ജില്ലയില്‍ എത്തുന്നത് വിനോദ സഞ്ചാര രംഗത്ത് ജില്ലയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

രാമക്കല്‍മേട് ടൂറിസം കേന്ദ്രത്തില്‍ നടത്തിയ യോഗത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി മുഖ്യപ്രഭാഷണം നടത്തി. കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് ബിനു, ത്രിതല പഞ്ചായത്ത് അംഗങ്ങളായ മിനി പ്രിന്‍സ്, സി.എസ് യശോധരന്‍,ലതാ കുമാരി, ഡിടിപിസി മാനേജിംഗ് കമ്മറ്റിയംഗം ടി.എം ജോണ്‍, ജില്ലാ ടൂറിസം വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ഷൈന്‍ കെ.എസ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ വി.സി അനില്‍, കെ.കെ കുഞ്ഞുമോന്‍, രാജ്‌മോഹന്‍, ജെ പ്രദീപ്, റിസോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് വിനായകന്‍, വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് സാബു രാമക്കല്‍മേട് എന്നിവര്‍ സംസാരിച്ചു.