പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ്സിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് കുട്ടി ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുടുംബം മലപ്പുറം എസ്പിക്ക് പരാതി നൽകി. ടിസി വാങ്ങുമ്പോൾ അതിൽ ‘റെഡ് മാർക്ക്’ രേഖപ്പെടുത്തുമെന്ന് പറഞ്ഞ് അധ്യാപകർ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് കുടുംബത്തിന്റെ പരാതി. സ്‌കൂൾ മാറാൻ ടിസി വാങ്ങാനിരുന്ന ദിവസം തന്നെയാണ് തേജസ്സ് മരിച്ചതെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങൾ സ്‌കൂൾ അധികൃതർ നിഷേധിച്ചു. കുട്ടിയോട് യാതൊരുവിധത്തിലുള്ള മാനസിക പീഡനവും ഉണ്ടായിട്ടില്ലെന്നാണ് സ്‌കൂളിന്റെ വിശദീകരണം. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ സ്‌കൂളിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സ്‌കൂൾ പരിസരത്ത് നിലവിൽ വലിയ പോലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
