തമിഴ് ചിത്രം ‘ബെൻസി’ൽ നിവിൻ പോളി വില്ലനായി എത്തുന്നു. രാഘവ ലോറൻസ് നായകനാകുന്ന ചിത്രത്തിൽ ‘വാൾട്ടർ’ എന്ന ഡാർക്ക് വില്ലനെയാണ് നിവിൻ അവതരിപ്പിക്കുന്നത്. ലോകേഷ് കനകരാജിന്റെ രചനയിൽ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ബെൻസി. നന്മയുടെ ഒരു സൈഡും ഇല്ലാത്ത ഒരു വില്ലൻ വേഷം ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നു. ഈ സിനിമയിലൂടെ തന്റെ ആഗ്രഹമാണ് സാധിച്ചതെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി വെളിപ്പെടുത്തി.
വില്ലൻ വേഷം ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു. നന്മയുടെ ഒരു സൈഡ് പോലും ഇല്ലാത്ത വില്ലൻ. കുറേ വില്ലൻ കഥാപാത്രം ചെയ്ത് കഴിഞ്ഞ് ഒരാൾക്ക് ഒരു ഹീറോ വേഷം ചെയ്യാൻ താത്പര്യമുള്ളത് പോലെ തോന്നില്ലേ. അങ്ങനെയിരിക്കെയാണ് ബെൻസിന്റെ കഥ വരുന്നത്. അപ്പോൾ ആ കഥ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു എന്ന് നിവിൻ പറഞ്ഞു.
ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ‘ബെൻസ്’ എന്ന ചിത്രത്തിലേക്ക് തന്നെ ആദ്യം പരിഗണിച്ചിരുന്നത് മറ്റൊരു വേഷത്തിലായിരുന്നു. എന്നാൽ ലോകേഷ് കനകരാജുമായുള്ള ചർച്ചകൾക്ക് ശേഷം കഥാപാത്രത്തിൽ മാറ്റം വരുത്തുകയും നിവിനെ തന്നെ പ്രധാന വില്ലനായി നിശ്ചയിക്കുകയുമായിരുന്നു എന്ന് നടൻ വെളിപ്പെടുത്തി.
ചിത്രത്തിൽ രവി മോഹനും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്. ബെൻസിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കർ ആണ് നിർവഹിക്കുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാണ് ബെൻസി.
