Home » Blog » Kerala » ജി. സുധാകരനുമായി ഇനി അനുനയങ്ങൾ വേണ്ടെന്ന് സിപിഎം നേതൃത്വം, അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്
3

ആലപ്പുഴ: പാർട്ടിയുമായി ഇടഞ്ഞ് അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ സിപിഎം അവസാനിപ്പിച്ചു. ഇതോടെ അമ്പലപ്പുഴ മണ്ഡലത്തിൽ അദ്ദേഹത്തെ പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ സുധാകരനുമായി ബന്ധപ്പെടുന്നുണ്ട്. സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തയാറായാൽ യുഡിഎഫ് പിന്തുണ നൽകുമെന്ന ഉറപ്പു നൽകിയിട്ടുണ്ട്. സുധാകരൻ സ്വന്തം നിലയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചശേഷം യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കുമെന്ന തരത്തിലാണു ചർച്ചകൾ നടക്കുന്നത്.

ജി.സുധാകരന്റെ തീരുമാനം അറിഞ്ഞ ശേഷമേ അമ്പലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥിയെ തീരുമാനിക്കുകയുള്ളുവെന്ന സന്ദേശം സംസ്ഥാന നേതൃത്വം ജില്ലയിലെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലെ സാധ്യതാ സ്ഥാനാർഥി പട്ടികയിലുള്ള കോൺഗ്രസ് നേതാക്കളോട് മറ്റെവിടെയെങ്കിലും പരിഗണിക്കേണ്ടതുണ്ടോ എന്നു നേരത്തേ തന്നെ നേതൃത്വം ചോദിച്ചിരുന്നു.

സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ടു സംസാരിച്ചിട്ടും വഴങ്ങാത്ത ജി.സുധാകരനുമായി ഇനി അനുനയ നീക്കങ്ങൾ വേണ്ടെന്ന നിലപാടിലാണു സിപിഎം നേതൃത്വം. എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസറും സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. അംഗത്വം പുതുക്കണമെന്ന് കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഹരിശങ്കറും നാലുദിവസം മുൻപ് സുധാകരന്റെ വീട്ടിലെത്തി അഭ്യർഥിച്ചിരുന്നു. അംഗത്വം പുതുക്കുക, സർക്കാർ പരിപാടികളിൽ പങ്കെടുക്കുക, തിരഞ്ഞെടുപ്പു പ്രവർത്തനവുമായി ബന്ധപ്പെട്ടു നൽകിയ ചുമതലകൾ നിർവഹിക്കുക എന്നീ കാര്യങ്ങളാണ് അദ്ദേഹത്തോടാവശ്യപ്പെട്ടത്. എന്നാൽ, സുധാകരന്റെ സമീപനം അനുകൂലമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇനി ചർച്ച വേണ്ടെന്ന നിലപാടെടുക്കാൻ സിപിഎം നേതൃത്വത്തെ പ്രേരിപ്പിച്ചത്.