രാജ്യത്തെ വാഹന പരിശോധനാ കേന്ദ്രങ്ങളിലെ അഴിമതി തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കർശനമായ നിയമപരിഷ്കാരങ്ങൾ കൊണ്ടുവരുന്നു. വാഹനം നേരിട്ട് ഹാജരാക്കാതെയും കൈക്കൂലി നൽകിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൈക്കലാക്കുന്ന രീതിക്ക് ഇതോടെ അന്ത്യമാകും. ഓരോ വാഹനത്തിന്റെയും ഫിറ്റ്നസ് പരിശോധന വേളയിൽ ജിയോ-ടാഗ് ചെയ്ത വീഡിയോ റെക്കോർഡിംഗും കളർ ഫോട്ടോകളും നിർബന്ധമാക്കുന്ന പുതിയ കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി.
പുതിയ നിയമപ്രകാരം, പരിശോധനാ ഓഫീസർമാരോ അംഗീകൃത ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളോ വാഹനത്തിന്റെ എല്ലാ വശങ്ങളും വ്യക്തമാകുന്ന രീതിയിലുള്ള കുറഞ്ഞത് 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അപ്ലോഡ് ചെയ്യണം. ഈ വീഡിയോയിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ പ്ലേറ്റ്, ഷാസി നമ്പർ, എഞ്ചിൻ നമ്പർ എന്നിവ വ്യക്തമായി കാണിച്ചിരിക്കണം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ക്രമക്കേടുകൾ ഒഴിവാക്കാനും പരിശോധനയുടെ കൃത്യത ഉറപ്പാക്കാനുമാണ് ജിയോ-ടാഗിംഗ് സംവിധാനം ഏർപ്പെടുത്തുന്നത്.
വാണിജ്യ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും പുനഃപരിശോധനയ്ക്കും കർശനമായ സമയപരിധിയും വിജ്ഞാപനത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെടുന്ന വാഹനം 180 ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി വീണ്ടും സർട്ടിഫിക്കറ്റ് നേടിയിരിക്കണം. നിശ്ചിത സമയത്തിനുള്ളിൽ ഫിറ്റ്നസ് തെളിയിക്കാൻ സാധിക്കാത്ത വാഹനങ്ങളെ ‘എൻഡ്-ഓഫ്-ലൈഫ് വെഹിക്കിൾ’ ആയി പ്രഖ്യാപിക്കും. ഇത്തരത്തിൽ വാഹൻ ഡാറ്റാബേസിൽ രേഖപ്പെടുത്തുന്ന വാഹനങ്ങൾ പിന്നീട് റോഡിലിറക്കുന്നത് നിയമവിരുദ്ധമായിരിക്കും.
പരിശോധനാ കേന്ദ്രങ്ങളുടെ നിരീക്ഷണത്തിനായി എട്ട് മെഗാപിക്സലോ അതിൽ കൂടുതലോ ശേഷിയുള്ള ഹൈ-ഡെഫനിഷൻ സിസിടിവി ക്യാമറകൾ നിർബന്ധമാക്കിയിട്ടുണ്ട്. രാത്രി കാഴ്ചാ സൗകര്യമുള്ള 360-ഡിഗ്രി ക്യാമറകൾ പരിശോധനാ കേന്ദ്രങ്ങളിൽ സ്ഥാപിക്കണം. ഈ വീഡിയോ റെക്കോർഡുകൾ കുറഞ്ഞത് ആറ് മാസത്തേക്ക് സൂക്ഷിക്കുകയും എൻഫോഴ്സ്മെന്റ് ഏജൻസികൾ ആവശ്യപ്പെട്ടാൽ ഹാജരാക്കുകയും വേണം. റോഡിലെ അപകടങ്ങൾ കുറയ്ക്കാനും പഴകിയ വാഹനങ്ങൾ നീക്കം ചെയ്യാനും ലക്ഷ്യമിട്ടുള്ളതാണ് നിതിൻ ഗഡ്കരിയുടെ ഈ പുതിയ നീക്കം.
