ജയിലിൽ കഴിയുന്ന കാമുകനെ കാണാനെത്തിയ യുവതിയുടെ ‘സർപ്രൈസ് വിസിറ്റ്’ വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമാകുന്നു. റായ്പൂർ സെൻട്രൽ ജയിലിൽ ലഹരിക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കാമുകനെ സന്ദർശിച്ച യുവതി, അതീവ സുരക്ഷാ മേഖലയായ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുകയായിരുന്നു.
“ഇന്ന് എന്റെ കാമുകന്റെ ജന്മദിനമാണ്, അവന്റെ പ്രതികരണം എങ്ങനെയുണ്ടാകുമെന്ന് നോക്കാം” എന്ന് പറഞ്ഞുകൊണ്ടാണ് യുവതി സന്ദർശന മുറിയിലെ ദൃശ്യങ്ങൾ പകർത്തിയത്. ജയിലിനുള്ളിൽ മൊബൈൽ ഫോൺ കർശനമായി നിരോധിച്ചിരിക്കെ, യുവതി എങ്ങനെ വീഡിയോ എടുത്തു എന്നത് ജയിൽ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു. കാമുകനായ തർക്കേശ്വറിനൊപ്പമുള്ള ദൃശ്യങ്ങൾ യുവതി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് കേസില്‍ പ്രതിയാണ് റായ്പൂര്‍ സെന്‍ട്രല്‍ ജയിലിൽ കഴിയുന്ന തര്ക്കേശ്വര്. ദൃശ്യങ്ങൾ വൈറലായതോടെ വലിയ വിമർശനമാണ് ഉയരുന്നത്. നേരത്തെയും ഇതേ ജയിലിൽ നിന്ന് തടവുകാരുടെ വർക്ക് ഔട്ട് വീഡിയോകളും സെൽഫികളും പുറത്തുവന്നിരുന്നു. സംഭവത്തിൽ ജയിൽ അധികൃതർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
