Home » Blog » Kerala » ജന്മദിനത്തിൽ ടൊവിനോയ്ക്ക് ബേസിലിന്റെ വക ‘ശവപ്പെട്ടി’ ആശംസ; സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി!
Screenshot_20260121_183430

നടനായ ടൊവിനോ തോമസിന്റെ 37-ാം ജന്മദിനം ഇന്ന് ആരാധകർ ആഘോഷമാക്കുകയാണ്. സഹപ്രവർത്തകരും സിനിമാ പ്രേമികളും ആശംസകളുമായി എത്തിയെങ്കിലും സോഷ്യൽ മീഡിയ ഉറ്റുനോക്കിയത് ടൊവിനോയുടെ ഉറ്റ സുഹൃത്തായ ബേസിൽ ജോസഫിന്റെ ആശംസയ്ക്ക് വേണ്ടിയായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് ബേസിൽ തന്റെ സ്റ്റൈലിൽ ഒരു ‘വെറൈറ്റി’ ആശംസയുമായി എത്തിയതോടെ സംഗതി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

“ഹാപ്പി ബർത്ത്‌ഡേ ബഡി” എന്ന് കുറിച്ച് ടൊവിനോയ്‌ക്കൊപ്പമുള്ള രസകരമായ ചിത്രങ്ങളാണ് ബേസിൽ പങ്കുവെച്ചത്. ഇതിൽ ആരാധകരെ ചിരിപ്പിച്ചത് ‘മരണമാസ്’ എന്ന ചിത്രത്തിൽ നിന്നുള്ള ടൊവിനോ ശവപ്പെട്ടിയിൽ കിടക്കുന്ന ചിത്രമാണ്. ഒപ്പം ഇരുവരും ചേർന്ന് അടിച്ചുപൊളിക്കുന്ന സുഹൃദ്‌ബന്ധത്തിന്റെ മറ്റു ചില ഫോട്ടോകളും ബേസിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ ഇതിലും മികച്ചൊരു ചിത്രം കിട്ടാനില്ലെന്നാണ് ആരാധകരുടെ പക്ഷം.

ബേസിലിന്റെ ഈ “ട്രോൾ ആശംസ”യ്ക്ക് താഴെ കമന്റുകളുടെ പൂരമാണ് നടക്കുന്നത്. “കടുത്ത ചങ്ങാതി ആയിപ്പോയില്ലേ, ഇതിലും വലിയ പണി കിട്ടാനില്ല”, “തിരിച്ച് ടൊവിനോ തരാൻ പോകുന്ന പണിക്ക് വേണ്ടി കാത്തിരിക്കുന്നു”, “ഇങ്ങനെയൊരു നൻപനെ ലോകത്ത് ആർക്കും കൊടുക്കല്ലേ” എന്നിങ്ങനെ നീളുന്നു ആരാധകരുടെ തമാശ നിറഞ്ഞ കമന്റുകൾ. ഇരുവരും വിനീത് ശ്രീനിവാസനൊപ്പം ഒന്നിക്കുന്ന ‘അതിരടി’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാ ലോകം.