ഡൽഹി: ജനനമോ മരണമോ നടന്ന് രണ്ടുവർഷത്തിന് ശേഷമാണ് രജിസ്ട്രേഷൻ നടത്തുന്നതെങ്കിൽ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമാക്കുന്ന ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിലവിലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ 13 (3)(എ) വകുപ്പ് പുതുതായി ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സഭയിൽ ബിൽ അവതരിപ്പിച്ചത്.
നിലവിലെ നിയമപ്രകാരം ജനനമോ മരണമോ ഒരുവർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ, പിന്നീട് എത്ര വൈകിയാലും ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ അധികാരപ്പെടുത്തിയ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എന്നിവരുടെ ഉത്തരവോടെ രജിസ്റ്റർ ചെയ്യാമായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് കർശനമാക്കിയിട്ടുണ്ട്. ഒരുവർഷം കഴിഞ്ഞാൽ രണ്ടുവർഷം പൂർത്തിയാകുന്നതിന് മുൻപുവരെ ജില്ലാ മജിസ്ട്രേറ്റോ സബ്ഡിവിഷണൽ മജിസ്ട്രേറ്റോ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തുന്ന എക്സിക്യുട്ടീവ് മജിസ്ട്രേറ്റോ നൽകുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ രജിസ്ട്രേഷൻ നടത്താനാകൂ. ഇത്തരം അപേക്ഷകളിൽ നൽകിയിരിക്കുന്ന വിവരങ്ങളും രേഖകളും വിശ്വസനീയമാണോ എന്നും ജനനമോ മരണമോ യഥാർഥത്തിൽ നടന്നിട്ടുണ്ടോ എന്നും ബന്ധപ്പെട്ട മജിസ്ട്രേറ്റ് പരിശോധിക്കണം. ഇതിനായി സർക്കാർ നിശ്ചയിക്കുന്ന ഫീസും അടക്കേണ്ടതുണ്ട്.
എന്നാൽ ജനനമോ മരണമോ നടന്ന് രണ്ടുവർഷത്തിനുശേഷമാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ, ആ പ്രദേശത്ത് അധികാരപരിധിയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റ് തന്നെ രേഖകളും സാഹചര്യത്തെളിവുകളും പരിശോധിച്ച് സംഭവത്തിന്റെ യാഥാർത്ഥ്യം ഉറപ്പുവരുത്തിയ ശേഷം അനുമതി ഉത്തരവ് നൽകണം. വ്യാജരേഖകൾ ചമച്ച് അനർഹമായ ആനുകൂല്യങ്ങൾ നേടുന്നത് തടയുന്നതിനും പൗരത്വ അവകാശവാദങ്ങളിലെ ദുരുപയോഗങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ പുതിയ ഭേദഗതിയെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.
