2032 ഡിസംബറിൽ ചന്ദ്രനിൽ പതിക്കാൻ സാധ്യതയുള്ള ‘2024 YR4’ എന്ന ഛിന്നഗ്രഹത്തെ ജ്യോതിശാസ്ത്രജ്ഞർ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്. ഏകദേശം 60 മീറ്റർ വീതിയുള്ള ഈ ഛിന്നഗ്രഹം 2032 ഡിസംബർ 22-ന് ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത 4 ശതമാനമാണെന്ന് ഗവേഷകർ കണക്കാക്കുന്നു. സാധ്യത കുറവാണെങ്കിലും, ആഗോള ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള വലിയൊരു ബഹിരാകാശ പ്രതിഭാസമായി ഇത് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സിങ്ഹുവ സർവകലാശാലയിലെ ഗവേഷകർ പുറത്തിറക്കിയ പുതിയ പഠനമനുസരിച്ച്, ഈ കൂട്ടിയിടി ഒരു ഇടത്തരം തെർമോ ന്യൂക്ലിയർ സ്ഫോടനത്തിന് തുല്യമായ ഊർജ്ജം പുറത്തുവിടും. ഇതിന്റെ ആഘാതത്തിൽ ചന്ദ്രനിൽ ഏകദേശം ഒരു കിലോമീറ്റർ വീതിയുള്ള പുതിയൊരു ഗർത്തം രൂപപ്പെടുകയും അഞ്ചു തീവ്രത രേഖപ്പെടുത്തുന്ന ആഗോള ചന്ദ്രഭൂകമ്പം ഉണ്ടാകുകയും ചെയ്യും. ഇത് ചന്ദ്രന്റെ ആന്തരിക ഘടനയെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർക്ക് മുൻപിലൊരിക്കലും ലഭിക്കാത്ത അത്യപൂർവ്വമായ അവസരം നൽകിയേക്കാം
ഈ സ്ഫോടനം ചന്ദ്രനിൽ നിന്ന് വലിയ അളവിൽ അവശിഷ്ടങ്ങൾ ബഹിരാകാശത്തേക്ക് തെറിപ്പിക്കും. ഈ വസ്തുക്കൾ ദിവസങ്ങൾക്കുള്ളിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ തെക്കേ അമേരിക്ക, വടക്കേ ആഫ്രിക്ക, അറേബ്യൻ ഉപദ്വീപ് എന്നിവിടങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന തീവ്രമായ ഉൽക്കാവർഷം സൃഷ്ടിക്കും. മണിക്കൂറിൽ ദശലക്ഷക്കണക്കിന് ഉൽക്കകൾ വരെ ആ സമയത്ത് ഭൂമിയിലേക്ക് പതിച്ചേക്കാം എന്നാണ് സിമുലേഷനുകൾ സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും, ഈ പ്രകൃതി പ്രതിഭാസം വലിയ അപകടസാധ്യതകളും ഉയർത്തുന്നുണ്ട്. ബഹിരാകാശത്തെ അവശിഷ്ടങ്ങൾ കൃത്രിമ ഉപഗ്രഹങ്ങൾക്ക് ഭീഷണിയാകുകയും ആഗോള ആശയവിനിമയ സംവിധാനങ്ങളെ തകർക്കുന്ന ‘കെസ്ലർ സിൻഡ്രോം’ എന്ന പ്രതിഭാസത്തിന് കാരണമാകുകയും ചെയ്തേക്കാം. ഈ സാഹചര്യത്തിൽ, ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള പ്രതിരോധ ദൗത്യം ആരംഭിക്കണോ അതോ ഇതൊരു ശാസ്ത്രീയ നിരീക്ഷണാവസരമായി ഉപയോഗിക്കണോ എന്ന ചർച്ചയിലാണ് ആഗോള ബഹിരാകാശ ഏജൻസികൾ.
