Home » Blog » Kerala » ചെപ്പോക്ക് സ്റ്റേഡിയം ധോണിക്ക് വിട നൽകുമോ? ചെന്നൈയിലെ അവസാന മത്സരത്തോടെ വിരമിക്കൽ പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന
ms-dhoni-680x450

“ഞാൻ എന്റെ ക്രിക്കറ്റ് കരിയർ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ട്. അവസാനമായി ഞാൻ ഏകദിനം കളിച്ചത് റാഞ്ചിയിലാണ്. ചെന്നൈയിലായിരിക്കും എന്റെ അവസാന ടി20. അത് എന്നായിരിക്കുമെന്ന് എനിക്കും അറിയില്ല” , ഒരിക്കൽ എം.എസ്. ധോണി പറഞ്ഞ വാക്കുകളാണിത്. മുൻകൂട്ടി അറിയിപ്പുകളൊന്നുമില്ലാതെ അപ്രതീക്ഷിതമായി പടിയിറങ്ങുന്നതാണ് ധോണിയുടെ രീതി. ഇൻസ്റ്റഗ്രാമിലെ ഒരു ലളിതമായ കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അന്താരാഷ്ട്ര കരിയറിന് തിരശീലയിട്ടത്. ഇന്ത്യൻ ക്രിക്കറ്റിനും ചെന്നൈ സൂപ്പർ കിങ്സിനും സുവർണ്ണകാലം സമ്മാനിച്ച ആ ഇതിഹാസ താരം കളിജീവിതത്തിന്റെ അസ്തമയത്തോട് അടുക്കുകയാണെന്നത് ഒരു യാഥാർത്ഥ്യമാണ്. എങ്കിലും, ആ ബാറ്റിൽ നിന്നൊരു ‘ഹെലിക്കോപ്റ്റർ ഷോട്ട്’ കൂടി പിറക്കുന്നത് നേരിൽ കാണാൻ ഗാലറി ഇന്നും കൊതിക്കുന്നുണ്ട്. സീസണിലെ ചെന്നൈയുടെ അവസാന ഹോം മത്സരത്തിന് ചെപ്പോക്ക് സ്റ്റേഡിയം ഒരുങ്ങുമ്പോൾ, ആരാധകർ വലിയ ആകാംഷയിലാണ്.

 

ഈ സീസണിൽ ചെന്നൈക്കായി ഒരു മത്സരത്തിൽപ്പോലും ധോണി കളത്തിലിറങ്ങിയിട്ടില്ല. പരിശീലനത്തിനിടെ കാൽമുട്ടിന് താഴെയുള്ള പേശിക്കേറ്റ പരിക്ക് ഗുരുതരമായതോടെ ധോണിക്ക് നീണ്ട വിശ്രമം വേണ്ടിവന്നു. പല എവേ മത്സരങ്ങളിലും അദ്ദേഹം ടീമിനൊപ്പം യാത്ര ചെയ്യാത്ത സാഹചര്യവുമുണ്ടായി. എന്നാൽ, ധോണി കളത്തിൽ ഇറങ്ങാത്തതിന് പിന്നിൽ പരിക്ക് മാത്രമല്ല കാരണമെന്നാണ് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

 

സീസണിന്റെ തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും, രണ്ടാമത്തെ പകുതിയിൽ ചെന്നൈ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അവസാന ഒൻപത് മത്സരങ്ങളിൽ ആറിലും വിജയിച്ച് ടീം പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. ഈ ഘട്ടത്തിൽ ധോണി കായികക്ഷമത പൂർണ്ണമായി വീണ്ടെടുത്തിട്ടുണ്ടെങ്കിലും ടീം കോമ്പിനേഷനിൽ മാറ്റം വരുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. നിരവധി താരങ്ങളുടെ പരിക്കിന് ശേഷം ചെന്നൈ ഇപ്പോൾ കൃത്യമായൊരു ‘വിന്നിങ് കോമ്പിനേഷൻ’ കണ്ടെത്തിയിട്ടുണ്ട്. 2024-ൽ അഞ്ചാം സ്ഥാനത്തും 2025-ൽ പത്താം സ്ഥാനത്തുമായിപ്പോയ ചെന്നൈയ്ക്ക് ഈ വർഷം പ്ലേ ഓഫിൽ എത്തുക എന്നത് ഏറെ നിർണ്ണായകമാണ്. നിലവിലെ സാഹചര്യത്തിൽ ധോണി ടീമിലേക്ക് മടങ്ങിയെത്തിയാൽ ബാറ്റിങ് ലൈനപ്പിലടക്കം മാറ്റങ്ങൾ വരുത്തേണ്ടി വരികയും അത് ടീമിന്റെ ബാലൻസിനെ ബാധിക്കുകയും ചെയ്തേക്കാം. ഇത് മുൻകൂട്ടിക്കണ്ടാണ് ധോണി സ്വയം മാറിനിൽക്കുന്നത്.

 

ചെപ്പോക്കിലെ ചെന്നൈയുടെ അവസാന മത്സരം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്. റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനും ഇത് ജീവന്മരണ പോരാട്ടമാണ്. ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യത നിലനിർത്താനാകൂ. അതുകൊണ്ടുതന്നെ ടീം ഘടന പൊളിച്ചെഴുതിയുള്ള പരീക്ഷണങ്ങൾക്ക് മാനേജ്മെന്റ് മുതിർന്നേക്കില്ല. 44 വയസ്സ് പിന്നിട്ട ധോണിക്ക് മത്സരപരിശീലനം ഇല്ലാത്തതും ആശങ്കയാണ്. എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. കുറഞ്ഞത് ഒരു ‘ഇംപാക്റ്റ് പ്ലെയർ’ ആയിട്ടെങ്കിലും ധോണി കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചെന്നൈ ടീമിന്റെ നായകസ്ഥാനം റുതുരാജ് ഗെയ്ക്വാദിന് കൈമാറിയതും സഞ്ജു സാംസണിന്റെ ടീമിലേക്കുള്ള എൻട്രിയുമെല്ലാം ധോണി ഇനി മറ്റൊരു സീസണിൽ ഉണ്ടാകില്ലെന്ന സൂചനയാണ് നൽകുന്നത്.