
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തില്‍ ഒരാളുടെ മൊഴി കൂടി രേഖപ്പെടുത്തി. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപി പദ്ധതിയിൽ അഴിമതി നടത്തിയെന്നും ജീവനൊടുക്കിയ പ്രോജക്ട് മാനേജർ ലീ സി ബിന്നിൽ നിന്ന് കൈക്കൂലി ചോദിച്ചെന്നുമുള്ള വെളിപ്പെടുത്തലിലാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ആത്മഹത്യ ചെയ്ത ലീ സി ബിന്നിന്റെ സഹായി ഷാജഹാനാണ് പുതുതായി മൊഴി നൽകിയത്.
പൊതുമരാമത്ത് ഉദ്യോഗസ്ഥർ ബില്ലുകൾ തടഞ്ഞുവച്ചതോടെ ലീ മാനസികമായി തകർന്നെന്നും കൈക്കൂലി ആവശ്യപെട്ട കാര്യം പതിബെൽ പ്രോജക്ട് മാനേജർ ലീ പറഞ്ഞിരുന്നു, ആത്മഹത്യ കുറിപ്പിൽ ഇക്കാര്യങ്ങൾ എഴുതിയിരുന്നതായി കമ്പനിയിലെ ചില ജീവനക്കാർ മുഖേന അന്ന് അറിഞ്ഞിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
ഗ്യാനേഷ് കുമാർ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് ഇന്തോ-മലേഷ്യൻ കൺസോർഷ്യമായ പതി-ബെൽ കെഎസ്ടിപി റോഡ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. സംസ്ഥാനത്തെ പ്രവൃത്തികളുടെ ബില്ലുകൾ മാറിനൽകാത്തതിനാലാണ് പതി-ബെൽ പ്രോജക്ട് മാനേജരായ ലീ സി ബിൻ ജീവനൊടുക്കിയതെന്നാണ് ആരോപണം. ഈ സംഭവത്തിലാണ് അന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെതിരേയും ആരോപണമുയർന്നത്.
