Home » Blog » kerala Max » ഗുരുവായൂർ ദർശനം, നെയ്‌വിളക്ക് ശീട്ടാക്കി;നിയമലംഘനം നടന്നിട്ടില്ലെന്ന് അഡ്മിനിസ്ട്രേറ്റർ
vd-satheeshan-7-680x450

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണവുമായി ഗുരുവായൂർ ദേവസ്വം അധികൃതർ. മുഖ്യമന്ത്രി ദർശനം നടത്തിയത് പൂർണ്ണമായും നിയമാനുസൃതമാണെന്നും, ഇക്കാര്യത്തിൽ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്റർ അരുൺ വ്യക്തമാക്കി.

അഞ്ച് നെയ്‌വിളക്കുകൾ ശീട്ടാക്കിയാണ് മുഖ്യമന്ത്രി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത്. നിയമാനുസൃതം അഞ്ച് പേർക്ക് ദർശനം നടത്താൻ അനുവാദമുണ്ടെങ്കിലും, മുഖ്യമന്ത്രിയോടൊപ്പം നാല് പേർ മാത്രമാണ് പ്രവേശിച്ചത്. ദർശനത്തിനായി ഭക്തരെ തടയുകയോ ആരുടെയും ദർശനം മുടങ്ങുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പായസം കൊണ്ടുപോകുന്ന സമയത്ത് ഏകദേശം 15 മിനിറ്റോളം മറ്റ് ഭക്തർക്കൊപ്പം ക്യൂവിൽ കാത്തുനിന്ന ശേഷമാണ് അദ്ദേഹം ദർശനം പൂർത്തിയാക്കിയത്. കൂടാതെ, മന്ത്രിമാരായ എം. ലിജുവും ബിന്ദു കൃഷ്ണയും പുലർച്ചെ ദർശനം നടത്തിയത് നിയമപരമായ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും രംഗത്തെത്തി. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ, മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ നിയമലംഘനം നടന്നതായി നിലവിൽ തോന്നിയിട്ടില്ലെന്നും എന്നാൽ ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നെയ്‌വിളക്കുമായി എത്തിയത് ആചാരപ്രകാരമാണോ എന്നും, ഉദ്യോഗസ്ഥതലത്തിൽ എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. കൂടാതെ, ക്ഷേത്രവളപ്പിൽ വെച്ച് മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ ഓൺലൈൻ ചാനലുകൾ റീൽസ് ആയി ചിത്രീകരിച്ചിട്ടുണ്ടെന്ന വിവരത്തെക്കുറിച്ചും കൃത്യമായ അന്വേഷണം നടത്തുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.